
ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സെപ്റ്റംബർ 12 നാളെ തുടക്കമാകാനിരിക്കെ, രാജ്യതലസ്ഥാനത്ത് ഇന്ന് നിർണ്ണായക ഉന്നതതല കൂടിക്കാഴ്ചകൾ നടക്കും. ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. ഉച്ചയോടെ ഡൽഹിയിലെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും വൈകുന്നേരം 6.15-ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാളെ ഉച്ചയോടെ എത്തും. നാളെ വൈകുന്നേരമാണ് മോദി- ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജ്ജ-ഭക്ഷ്യ സുരക്ഷ, ആഗോള ഭരണപരിഷ്കാരങ്ങൾ എന്നിവയ്ക്ക് പുറമേ പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-യുക്രൈൻ വിഷയങ്ങളും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. തർക്ക അതിർത്തിയിലെ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയും മേഖലയിലെ സമാധാനശ്രമങ്ങളും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ, വിദേശ രാഷ്ട്രത്തലവന്മാരുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഉച്ചകോടിയുടെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
