Your Image Description Your Image Description

ലയാള സിനിമകൾ ബെംഗളൂരു നഗരത്തെ ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. ഈ വിഷയത്തിൽ വിവിധ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അന്വേഷണം ആരംഭിച്ചു. അടുത്തിടെ റിലീസായ ലോക, ആവേശം, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളാണ് ആരോപണങ്ങൾ നേരിടുന്നത്.

ഈ സിനിമകൾ ബെംഗളൂരുവിൻ്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും, പ്രത്യേകിച്ച് നഗരത്തിലെ യുവതികളെ തെറ്റായി ചിത്രീകരിച്ചുവെന്നുമാണ് പരാതിയിലുള്ള പ്രധാന ആരോപണം. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു.

ഈ വിഷയത്തിൽ കന്നഡ സിനിമാലോകത്തുനിന്നും ശക്തമായ പ്രതികരണങ്ങളുണ്ടായി. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ മൻസൂർ, തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ, ബെംഗളൂരുവിനെ ലഹരി ഇടമായി ചിത്രീകരിക്കുന്ന പ്രവണതയിൽ ആശങ്ക രേഖപ്പെടുത്തി. മുൻകാലങ്ങളിൽ ബെംഗളൂരുവിനെ മനോഹരമായ നഗരമായി സിനിമകളിൽ അവതരിപ്പിച്ചിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അനിയന്ത്രിതമായ കുടിയേറ്റം നഗരത്തിൻ്റെ പ്രതിച്ഛായയെ മാറ്റിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ചിത്രത്തിലെ ചില സംഭാഷണങ്ങൾ ബെംഗളൂരുവിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് കന്നഡ ആക്ടിവിസ്റ്റ് രൂപേഷ് രാജണ്ണയും രംഗത്തെത്തിയിരുന്നു. ഈ വിവാദ സംഭാഷണങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷമാപണവുമായി ‘ലോക’ സിനിമയുടെ നിർമ്മാതാക്കൾ
വിവാദങ്ങൾ ശക്തമായ സാഹചര്യത്തിൽ, ലോക എന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കളായ വേഫെറർ ഫിലിംസ് ക്ഷമാപണവുമായി രംഗത്തെത്തി. തങ്ങളുടെ സിനിമയിലെ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചുവെന്ന് തങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു. മനപ്പൂർവ്വമല്ലാത്ത ഈ പിഴവിൽ ഖേദിക്കുന്നുവെന്നും, ചോദ്യം ചെയ്യപ്പെട്ട സംഭാഷണം എത്രയും വേഗം സിനിമയിൽ നിന്ന് നീക്കം ചെയ്യുമെന്നും അല്ലെങ്കിൽ എഡിറ്റ് ചെയ്യുമെന്നും അവർ വ്യക്തമാക്കി. ജനങ്ങളുടെ വികാരങ്ങൾക്കാണ് തങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Related Posts