Home » Blog » Kerala » ‘ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രിക്ക്’: രേവന്ത് റെഡ്ഡിക്ക് അനുവദിച്ച ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യില്‍; വിവാദം
5

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച ഐപിഎൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ നടിയും മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ കുഷിത കല്ലാപ്പുവിന്റെ കൈയിലെത്തിയതിനെച്ചൊല്ലി വിവാദം. വിഐപി ടിക്കറ്റുകളുടെ ചിത്രം നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിനായാണ് രണ്ട് കോംപ്ലിമെന്ററി ടിക്കറ്റുകൾ അനുവദിച്ചത്.

‘ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രിക്ക്’ എന്ന് ടിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ടിക്കറ്റുകൾ എങ്ങനെ കുഷിതയുടെ കൈകളിലെത്തി എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. 40,000 രൂപയോളം വിലവരുന്ന ‘സൺറൈസേഴ്‌സ് എലൈറ്റ് ലോഞ്ച്’ ടിക്കറ്റുകളാണിവ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗികമായി നൽകിയ ടിക്കറ്റുകൾ എങ്ങനെ നടിയുടെ കൈവശം എത്തിയെന്നതാണ് ഉയരുന്ന ചോദ്യം.

തെലുങ്ക് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് കുഷിത കല്ലാപ്പു. സംഭവം വിവാദമായതിനു പിന്നാലെ നടി ഇൻസ്റ്റാഗ്രാം സ്റ്റോറി നീക്കം ചെയ്തിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്ക് നൽകേണ്ട ടിക്കറ്റുകളാണിവ. ഇത്തരം പാസുകൾ സാധാരണയായി ഔദ്യോഗിക ആവശ്യങ്ങൾക്കോ സുരക്ഷാ ഏകോപനത്തിനോ പ്രോട്ടോക്കോൾ അതിഥികൾക്കോ വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ഇവ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർക്കോ രാഷ്ട്രീയ ഭാരവാഹികൾക്കോ സുഹൃത്തുക്കൾക്കോ ഒന്നുംതന്നെ വ്യക്തിപരമായി ഉപയോഗിക്കാൻ സാധിക്കില്ല.