Your Image Description Your Image Description

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു.ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി പരിപാടിക്കിടെയാണ് സ്ഫോടനം ഉണ്ടായത്.തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. റാലി കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുന്നതിനിടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

നൂറുകണക്കിന് ബലൂചിസ്ഥാൻ നാഷണൽ പാര്‍ട്ടി പ്രവര്‍ത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്. അപകടം നടന്നയുടനെ ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്ഫോടനം നടന്ന സ്ഥലം സീൽ ചെയ്തു. സംഭവത്തെ ബലൂചിസ്ഥാൻ മുഖ്യമന്ത്രി സര്‍ഫ്രാസ് അപലപിച്ചു. മനുഷ്യത്വത്തിന്‍റെ ശത്രുക്കളായിട്ടുള്ളവരുടെ ഭീരുത്വ നടപടിയാണിതെന്നും നിരപരാധികളായ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നും തീവ്രവാദികളുടെ ഇത്തരം ചെയ്തികളെ പ്രതിരോധിക്കുമെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

Related Posts