Your Image Description Your Image Description

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ബല്ലബ്ഗഢിലെ സെക്ടർ 8 ൽ വ്യാഴാഴ്ചയാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. നിഖിൽ ഗോസ്വാമി (30) എന്നയാളാണ് തൻ്റെ രണ്ട് പെൺമക്കളായ സിദ്ധി (2), റിദ്ധി (നവജാതശിശു) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

രണ്ട് മാസം മുൻപ് ഭാര്യ പൂജ പ്രസവത്തിനിടെ മരണപ്പെട്ടതിനെ തുടർന്ന് നിഖിൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന നിഖിൽ, ഭാര്യയുടെ മരണശേഷം ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ വെച്ച് നിഖിൽ തൻ്റെ മക്കളെ സീലിംഗ് ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിൽ ജീവനൊടുക്കുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ നിഖിലിൻ്റെ പിതാവ് ഉദയ് ശങ്കറാണ് ഈ ദുരന്തം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഈ ഹൃദയഭേദകമായ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വക്താവ് യശ്പാൽ സിംഗ് അറിയിച്ചു.

Related Posts