Your Image Description Your Image Description

ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. മണിപ്പൂർ സംഘർഷം നടന്ന് 2 വർഷത്തിനും 4 മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. ചുരചന്ദ്പൂർ, ഇംഫാൽ എന്നിവിടങ്ങളിലാണ് മോദി സന്ദർശനം നടത്തുന്നത്. സന്ദർശനത്തിനെത്തുന്ന ചുരചന്ദ്പ്പൂരിലാണ് കഴിഞ്ഞ ദിവസം അക്രമികളും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്. അതേസമയം മോദിയുടെ സന്ദർശനം ബഹിഷ്കരിക്കാനാണ് സംഘടനകളുടെ നീക്കം. സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ ബി ജെ പി മുഖ്യമന്ത്രി രാജിവെച്ചു ഒഴിയേണ്ടി വന്നിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല.

മിസോറാമിൽ നിന്ന് ഹെലികോപ്റ്ററിലായിരിക്കും മോദി ചുരാചന്ദ്പൂരിൽ എത്തുക. ഇവിടെ നടക്കുന്ന പരിപാടിയിൽ 7000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് ഇംഫാലിൽ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ സംഘർഷം ആരംഭിച്ചത്. കലാപശേഷം ഇതുവരെ മോദി മണിപ്പൂർ സന്ദർശിക്കാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. മണിപ്പൂരിൽ മെയ്‌തേയ്- കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 260-ലേറെ പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തിലേറേ പേർ ഇപ്പോഴും അഭയാർത്ഥി ക്യാംപുകളിലാണ് താമസിക്കുന്നത്.

Related Posts