Your Image Description Your Image Description

തെരുവ് നായ്ക്കളുടെ കാര്യത്തിൽ മുൻ ഉത്തരവിൽ ഭേദഗതി വരുത്തി സുപ്രീം കോടതി. ഓഗസ്റ്റ് 11-ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തെരുവുനായ്ക്കളെ സ്ഥിരമായി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്.

പുതിയ ഉത്തരവനുസരിച്ച്, പിടിക്കപ്പെടുന്ന തെരുവ് നായ്ക്കളെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും നൽകിയ ശേഷം അവയെ പിടിച്ച സ്ഥലങ്ങളിൽ തന്നെ തിരികെ വിടണം. പേവിഷബാധയുള്ളതോ ആക്രമണകാരികളായതോ ആയ നായ്ക്കൾക്ക് മാത്രമായിരിക്കും ഈ ഉത്തരവ് ബാധകമല്ലാത്തത്. അത്തരം നായ്ക്കൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം സംരക്ഷണ കേന്ദ്രങ്ങളിൽ തന്നെ പാർപ്പിക്കണം.

പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് നിരോധിച്ചു

പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് സുപ്രീം കോടതി കർശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. പകരം, നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്താനും ക്രമീകരിക്കാനും കോടതി നിർദ്ദേശിച്ചു.

നൽകുന്ന സേവനങ്ങളെ തടസ്സപ്പെടുത്തരുത്

തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെടുത്തുന്നതിൽ നിന്ന് പൊതുജനങ്ങളെയോ സംഘടനകളെയോ കോടതി വിലക്കി. കൂടാതെ, നായ സ്നേഹികളും എൻ‌ജി‌ഒകളും 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ രജിസ്ട്രാറിൽ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഡൽഹി-എൻ‌സി‌ആർ മേഖലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നതായി വന്ന വാർത്തകളെത്തുടർന്ന് ജൂലൈ 28-ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിർണായക ഉത്തരവുകൾ ഉണ്ടായത്.

Related Posts