Home » Blog » Kerala » ‘പ്രതിപക്ഷ ഉപനേതാവ്’ ചർച്ച പരാജയം; ഇനി എന്താണെന്ന് സിപിഎം പറയട്ടെയെന്ന് ബിനോയ് വിശ്വം
13

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി പ്രധാന കക്ഷികളായ സിപിഐയും സിപിഎമ്മും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. എകെജി സെന്ററിൽ വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നത്.

ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം, ചർച്ച വിജയിച്ചില്ലെന്നും പദവി നൽകാൻ കഴിയില്ലെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് സിപിഎം വ്യക്തമാക്കട്ടെയെന്നും പരസ്യമായി പ്രതികരിച്ചു. മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. മുന്നണിയുടെ ഐക്യത്തിനും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കിനും സിപിഐ. തയ്യാറാണെന്നും അതേപോലെ സിപിഎമ്മും തയ്യാറാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ, അത് സിപിഐക്കു നൽകേണ്ടെന്നുമാണ് സിപിഎമ്മിലെ ധാരണ. പദവി വേണമെന്ന നിലപാടിലാണ് സിപിഐ. കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയിലേക്ക് സിപിഎം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐയാകട്ടെ കെ.രാജന് ആ പദവി നൽകണമെന്നാണ് ആവശ്യപ്പെടുന്നത്‌.

അതേസമയം, സിപിഐയുടെ പരസ്യ ആവശ്യത്തിൽ സിപിഎമ്മിൽ കടുത്ത എതിർപ്പുണ്ടെങ്കിലും തർക്കങ്ങളില്ലാതെ പരിഹരിക്കണമെന്ന നിലപാടാണ് നേതാക്കൾ സ്വീകരിക്കുക. നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷത്ത് ഉപനേതാവിന്റെ സീറ്റിൽ ബാലഗോപാലിനാണ് സിപിഎം ഇടംകൊടുത്തത്.