കാഠ്മണ്ഡു: ഇന്ത്യാ-നേപ്പാൾ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ പാർലമെന്റിൽ നടത്തിയ ചില പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി. ഇന്ത്യയുമായുള്ള അതിർത്തി തർക്കം ഒരു വശത്ത് നിന്ന് മാത്രമുള്ള പ്രശ്നമല്ലെന്നും, ചിലയിടങ്ങളിലെങ്കിലും നേപ്പാളും ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറിയിട്ടുണ്ടാകാമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും വ്യാപകമായ പ്രതിഷേധവുമായി തെരുവിലിറങ്ങി.
അതിർത്തി തർക്കം പരിഹരിക്കാൻ ചരിത്രകാരന്മാരുടെയും സർവേ വിദഗ്ദ്ധരുടെയും സഹായം തേടണമെന്നാണ് പ്രധാനമന്ത്രി ബാലെൻ ഷാ പാർലമെന്റിൽ ആവശ്യപ്പെട്ടത്. കൂടാതെ, കൊളോണിയൽ കാലത്തെ ഭൂപടങ്ങളുടെ അടിസ്ഥാനത്തിൽ ബ്രിട്ടനെക്കൂടി ഈ വിഷയത്തിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. എന്നാൽ, ഇന്ത്യ, ഇതിനോട് ശക്തമായി വിയോജിച്ചു.
അതിർത്തി പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രം പരിഹരിക്കേണ്ടതാണെന്നും ഇതിൽ മൂന്നാമതൊരു കക്ഷിക്ക് യാതൊരു സ്ഥാനവുമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടും ഇന്ത്യ ആവർത്തിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവന നേപ്പാളിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും, ഇന്ത്യയുമായുള്ള ചർച്ചകളിൽ രാജ്യത്തിന്റെ വിലപേശൽ ശേഷി ദുർബലപ്പെടുത്തുന്നതാണെന്നുമാണ് പ്രധാന വിമർശനം. കാഠ്മണ്ഡുവിലെ മൈതിഘർ മണ്ഡലയിൽ വിദ്യാർഥികളും നേപ്പാളി കോൺഗ്രസ് അനുബന്ധ സംഘടനയായ തരുൺ ദളും വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
‘പരമാധികാരം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനങ്ങൾ. നേപ്പാളി കോൺഗ്രസ്, സിപിഎൻ-യുഎംഎൽ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ മുദ്രാവാക്യം വിളിക്കുകയും നടപടികൾ തടസപ്പെടുത്തുകയും ചെയ്തു. പ്രസ്താവന പിൻവലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പാർലമെന്റ് രേഖകളിൽ നിന്ന് ഈ പരാമർശം നീക്കം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.
വിവാദം രൂക്ഷമായതോടെ പ്രതിരോധവുമായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പ്രധാനമന്ത്രി ഉദ്ദേശിച്ചത് ഇരു രാജ്യങ്ങൾക്കും അവകാശമില്ലാത്ത ‘നോ-മാൻസ് ലാൻഡിലെ’ കൈയേറ്റങ്ങളെക്കുറിച്ചും നദികളുടെ ഗതിമാറുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും മാത്രമാണെന്നും, അല്ലാതെ ഔദ്യോഗിക അതിർത്തി പ്രദേശങ്ങളെക്കുറിച്ചല്ലെന്നും മന്ത്രാലയം വിശദീകരിച്ചു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സാങ്കേതിക ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ തുടരുകയാണെന്നും അവർ വ്യക്തമാക്കി. എന്നാൽ ഈ വിശദീകരണങ്ങളൊന്നും നിലവിലെ പ്രതിഷേധങ്ങളെ തണുപ്പിക്കാൻ പര്യാപ്തമായിട്ടില്ല.
