കൊച്ചി: നടൻ ജോജു ജോർജിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമാ സെറ്റിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നടനാണ് ജോജുവെന്നും, ‘വരവ്’ സിനിമയുടെ ചിത്രീകരണത്തിനിടെ നിരവധി മൊബൈൽ ഫോണുകൾ ദേഷ്യത്തിൽ എറിഞ്ഞ് തകർത്തുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശാന്തിവിള ദിനേശ് ഇക്കാര്യം പറഞ്ഞത്.
ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ ജോജു ഇന്ന് നടനും സംവിധായകനും നിർമാതാവുമായി വളർന്നെങ്കിലും, ആ യാത്ര മറക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ ജോജു ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപ പ്രതിഫലം ആവശ്യപ്പെടുന്നുവെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു.
‘വരവി’ലെ നായകന്‍ ജോജു ജോര്‍ജാണ്. അഭിനയത്തേക്കാള്‍ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രേ ജോജു ജോര്‍ജ്. വരവിന്റെ സെറ്റില്‍ മാത്രം 15-16 സെല്‍ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവെന്നാണ് ദൃക്‌സാക്ഷിയായ ഒരാള്‍ എന്നോട് പറഞ്ഞത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ദേഷ്യം വന്നാലും, സെറ്റില്‍ ദേഷ്യം വന്നാലും ഫോണിനെയാണ് ആദ്യം ആക്രമിക്കുക. അതിന് വായില്ലല്ലോ, തിരിച്ചടിക്കില്ലല്ലോ. സിനിമാക്കാരന്‍ ആയതിനാല്‍ ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത ഫോണുകള്‍ വീട്ടില്‍ കാണുമായിരിക്കും. അഞ്ച് കോടിയാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍ പ്രതിഫലമായി ചോദിക്കുന്നത്. ആലോചിച്ചു നോക്കൂ, ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും സംവിധായകനും നായകനും നിര്‍മാതാവുമൊക്കെയായ ജോജു വന്ന വഴി മറക്കുന്നതിന്റെ സൂചനയാണത്. അഞ്ചു കോടി രൂപയാണ് ശമ്പളമായി ചോദിക്കുന്നത്. പിന്നെ ആവശ്യത്തിന് തലവേദനയും തരും.” – ശാന്തിവിള ദിനേശ് പറയുന്നു.
