Home » Blog » Kerala » പ്രണയത്തിനായി പാകിസ്ഥാൻ അതിർത്തി കടന്നു; അലിഗഡ് സ്വദേശിക്ക് ജയിൽ, മടങ്ങാൻ മടിയെന്ന് യുവാവ്
images (44)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശിയായ കാമുകിയെ തേടി വിസയില്ലാതെ അതിർത്തി കടന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പാകിസ്ഥാനിൽ പിടിയിൽ. അലിഗഢ് സ്വദേശിയായ ബാദൽ ബാബു എന്ന യുവാവാണ് നിലവിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ കഴിയുന്നത്. ഡൽഹിയിൽ തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ബാദൽ, ഫേസ്ബുക്ക് വഴിയാണ് പാകിസ്ഥാനിലെ സന എന്ന യുവതിയുമായി പ്രണയത്തിലായത്.

 

2024 ഓഗസ്റ്റിൽ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും, ഒക്ടോബർ 15-ന് തിരിച്ചറിയൽ രേഖകൾ എല്ലാം ഉപേക്ഷിച്ച് ബാദൽ അതിർത്തി കടന്ന് പാകിസ്ഥാനിലെത്തി. എന്നാൽ, കാമുകി വിവാഹത്തിന് വിസമ്മതിച്ചതോടെ പാകിസ്ഥാനിൽ തന്നെ ആടുമേയിക്കൽ ജോലി ചെയ്ത് ഇയാൾ താമസമാരംഭിച്ചു. ഡിസംബർ 27-ന് സംസാര ശൈലിയിൽ സംശയം തോന്നിയ നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്നാണ് നിയമവിരുദ്ധമായി അതിർത്തി കടന്നതിന് പാക് പോലീസ് ബാദലിനെ അറസ്റ്റ് ചെയ്തത്.

 

ജയിലിൽ കഴിയുന്നതിനിടെ അഭിഭാഷകർ മുഖേന കുടുംബവുമായി വീഡിയോ കോളിൽ സംസാരിച്ച ബാദൽ, താൻ മതം മാറിയെന്നും മടങ്ങി വരാൻ താൽപ്പര്യമില്ലെന്നും വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു. എന്നാൽ യുവാവിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചന നടപടികൾ വൈകുകയാണെന്ന് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നു.

 

ബാദലിനെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കാൻ അലിഗഢ് എംപി സതീഷ് ഗൗതം വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. മകനെ തിരികെ ലഭിക്കാനായി കാത്തിരിക്കുന്ന കുടുംബം, കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുകയാണ്. നിയമവിരുദ്ധമായി അതിർത്തി കടന്നതിന് ജയിലിൽ കഴിയുന്ന ബാദലിന്റെ മോചനത്തിനായി എംപിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്.