Your Image Description Your Image Description

തിരുവനന്തപുരം ; കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 5000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പത്താം ക്ലാസ്സ്‌, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാർഥികൾക്കുള്ള നെടുമങ്ങാട് എം.എൽ. എ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് ‘മികവുത്സവം 2025 ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളുകൾക്ക് ആധുനികതയുടെ പുതിയ അർത്ഥങ്ങൾ നൽകുന്ന ഭൗതിക സൗകര്യ വിപ്ലവമാണ് സംസ്ഥാനത്ത് നടക്കുന്നത്. 2460 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 973 സ്‌കൂൾ കെട്ടിടങ്ങൾക്ക് അനുമതി ലഭിച്ചു. അതിൽ 548 കെട്ടിടങ്ങൾ പൂർത്തിയായിട്ടുണ്ട്. 435 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുന്നു.

ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ നവീന സമീപനങ്ങൾ കൊണ്ടുവരുന്ന നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം എല്ലാ പാഠപുസ്‌തകങ്ങളിലും ഉൾപ്പെടുത്തി, കുട്ടികളിൽ ജനാധിപത്യബോധവും സാമൂഹ്യ നന്മകളും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാർഥികൾ അഭിമാനനേട്ടം കൈവരിച്ചതിനുള്ള പ്രോത്സാഹനമാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മികവുത്സവമെന്നും നെടുമങ്ങാട് മണ്ഡലത്തിലെ 10 വിദ്യാലയങ്ങൾ ഇക്കൊല്ലം നൂറു ശതമാനം വിജയം കൈവരിച്ചുവെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ മണ്ഡലത്തിലെ 554 വിദ്യാർഥികളും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിച്ച 75 ശതമാനത്തിൽ അധികം മാർക്ക്‌ നേടിയ 318 വിദ്യാർഥികളും ഉൾപ്പെടെ 872 വിദ്യാർഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.

നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ, നെടുമങ്ങാട് മണ്ഡലത്തിൽ ഉൾപ്പെട്ട വിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, തൃശൂർ ഡി.ഐ.ജി ഹരിശങ്കർ, നഗരസഭ കൗൺസിലർമാർ, മണ്ഡലത്തിലെ വിവിധ സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts