Your Image Description Your Image Description

പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കം കുറിച്ച കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ഫ്ലാഗ് ഓഫ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. സ്വന്തം കാലിൽ നിൽക്കാൻ കരുത്തുള്ളതാക്കി കെഎസ്ആർടിസിയെ മാറ്റാൻ പൊതുജനങ്ങളുടെ പിന്തുണയുണ്ടാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഉൾനാടൻ ഗതാഗത സൗകര്യ വികസനത്തിന് സഹായകരമായാണ് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നത്. പെരുമണ്ണ പഞ്ചായത്തിലെ ബസ് സർവീസ് ഇല്ലാത്ത സ്ഥലങ്ങൾക്ക് പ്രാധാന്യം നൽകിയാണ് റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 6.30ന് കോഴിക്കോട് നഗരത്തിൽ നിന്നാണ് സർവീസ് തുടങ്ങുക. റെയിൽവേ സ്റ്റേഷനിൽ പോയി പാലാഴി, പെരുമണ്ണ, ഊർക്കടവ്, എടവണ്ണപ്പാറ വരെ പോകും. തിരിച്ച് പെരുമണ്ണ, പുത്തൂർമടം, പയ്യടി മീത്തൽ, പാലാഴി, കോവൂർ വഴി മെഡിക്കൽ കോളേജിൽ അവസാനിക്കും. രാവിലെ 10.10നാണ് മെഡിക്കൽ കോളേജിൽ എത്തുക. പിന്നീട് 12.25, 3.50 എന്നീ സമയങ്ങളിലും എടവണ്ണപ്പാറയിൽനിന്ന് പെരുമണ്ണ വഴി മെഡിക്കൽ കോളേജിലേക്ക് വണ്ടി എത്തും. രാത്രി 7. 10 കോഴിക്കോട് നഗരത്തിൽ റൂട്ട് അവസാനിക്കും.

അഡ്വ. പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ അജിത, ശ്യാമള പറശ്ശേരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി നിസാർ, അസി. ട്രാൻസ്പോർട്ട് ഓഫീസർ പി കെ പ്രശോഭ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ ജിഷിത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു

Related Posts