Your Image Description Your Image Description

ധര്‍മസ്ഥലയില്‍ മഞ്ചുനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ക്ഷേത്രത്തിന്റെ ധര്‍മാധികാരി ഡി വീരേന്ദ്ര ഹെഗ്ഡെ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ പരാതിയില്‍ നടക്കുന്ന എസ് ഐ ടി അന്വേഷണത്തെയും ഹെഗ്ഡെ സ്വാഗതം ചെയ്തു. പി ടി ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വീരേന്ദ്ര ഹെഗ്ഡെയുടെ പ്രതികരണം. ഈ വിഷയം അടിസ്ഥാനരഹിതവും വ്യാജവുമാണ്. ആരോപണങ്ങള്‍ എന്നെ ശരിക്കും വേദനിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെല്ലാം തെറ്റാണ്. ധര്‍മസ്ഥലയെയും ട്രസ്റ്റിനെയും ലക്ഷ്യമിട്ട് കഴിഞ്ഞ 14 വര്‍ഷമായി സംഘടിത പ്രചാരണം നടക്കുന്നുണ്ട്. എസ് ഐ ടി അന്വേഷണത്തെ ഞങ്ങള്‍ നേരത്തെ തന്നെ സ്വാഗതം ചെയ്തതാണ്. സത്യം പുറത്തുവരണം. എത്രയും വേഗം അന്വേഷണം അവസാനിക്കണമെന്നും പ്രശ്‌നം പരിഹരിക്കപ്പെടണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എസ് ഐ ടി ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം’- വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.

മുന്‍ ശുചീകരണ തൊഴിലാളിയുടെ ആരോപണങ്ങളെക്കുറിച്ചും വീരേന്ദ്ര ഹെഗ്ഡെ പ്രതികരിച്ചു. ‘ധര്‍മസ്ഥലയില്‍ വെച്ച് ഒരാള്‍ മരിച്ചാല്‍ അവര്‍ക്ക് മോക്ഷം കിട്ടുമെന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്. അവിടെ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ പഞ്ചായത്തിനെ വിവരം അറിയിക്കുകയും അവരെത്തി കൃത്യസമയത്ത് മൃതദേഹം സംസ്‌കരിക്കുകയും ചെയ്യുമായിരുന്നു. യുവാക്കളെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം. കാര്യങ്ങള്‍ ചിത്രീകരിക്കപ്പെട്ട രീതി ഞങ്ങളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ വളരെ ശക്തമായ ഒരു മാധ്യമമാണ്. ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചില്ലെന്ന് പല അഭ്യുദയാകാംഷികളും പറഞ്ഞു. സമൂഹത്തിനുവേണ്ടി ഞങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെല്ലാം ഞങ്ങളുടെ കടമയാണെന്നാണ് വിശ്വസിക്കുന്നത്. അത് സമൂഹത്തോടുളള പ്രതിബദ്ധതയും സേവനവുമാണ്. എല്ലാ ഗ്രാമങ്ങളിലുമെത്തി, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ 55 ലക്ഷം കുടുംബങ്ങളെ ഞങ്ങള്‍ സഹായിച്ചു’-വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.

 

 

Related Posts