Your Image Description Your Image Description

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വിടാൻ ഒരുങ്ങുകയാണ് പൃഥ്വി ഷാ. മറ്റൊരു സംസ്ഥാനത്തിനായി കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചു. അതേസമയം മുംബൈ ടീം വിടാനുള്ള പൃഥ്വി ഷായുടെ തീരുമാനത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനമൊന്നുമെടുത്തിട്ടില്ല.

എൻ്റെ കരിയറിലെ ഈ ഘട്ടത്തിൽ, മറ്റൊരു സംസ്ഥാന അസോസിയേഷനു കീഴിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ എനിക്കൊരു മികച്ച അവസരം ലഭിച്ചിട്ടുണ്ട്. ഇത് ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ എൻ്റെ വളർച്ചയ്ക്ക് കൂടുതൽ സഹായകമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിൽ പുതിയ സംസ്ഥാന അസോസിയേഷനെ ഔദ്യോഗികമായി പ്രതിനിധീകരിക്കാൻ എന്നെ യോ​ഗ്യനാക്കണം. അതിനായി മുംബൈ ക്രിക്കറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) എനിക്ക് നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.’ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിൽ പൃഥ്വി ഷാ പ്രതികരിച്ചു.

അണ്ടർ 19 ലോകകിരീടം 2018ൽ ഇന്ത്യയ്ക്ക് നേടി നൽകിയ നായകനാണ് പൃഥ്വി ഷാ. ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയോടെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു.

എന്നാൽ പിന്നീട് ക്രിക്കറ്റ് പരിശീലനത്തിൽ നിന്ന് മാറി നടന്നതോടെ ഷായുടെ കരിയറിന് തിരിച്ചടികൾ ഏൽക്കാൻ തുടങ്ങി. 2025ലെ ഐപിഎല്ലിന് മുമ്പായുള്ള മെ​ഗാലേലത്തിൽ താരത്തെ വാങ്ങാൻ ടീമുകൾ ആരും രം​ഗത്തെത്തിയിരുന്നില്ല. കഴിഞ്ഞ വർഷം മുംബൈ ടീമിനായി വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി ടൂർണമെന്റുകളിൽ കളിക്കാൻ ഷായ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *