Your Image Description Your Image Description

കാഞ്ചന എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് രാഘവ ലോറൻസ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുക കൊണ്ട്, സ്വന്തം വീട് സ്കൂളാക്കി മാറ്റിയെന്ന വാർത്തയാണ് വന്നിരിക്കുന്നത്. കാഞ്ചന നാലാം ഭാഗത്തിന് ലഭിച്ച അഡ്വാൻസ് തുക കൊണ്ടാണ് സ്വന്തം വീട് പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി പഠിക്കാനുള്ള സ്കൂളാക്കിയത്. സിനിമയിൽ ഗ്രൂപ്പ് ഡാൻസറായി തുടങ്ങിയ കാലത്ത് ലഭിച്ച വരുമാനം കൂട്ടിവച്ച് വാങ്ങിയ താരം വീടാണ് ഇത്.

20 വ‌ർഷം മുൻപ് പാവപ്പെട്ട കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ ആ വീട് വിട്ടുനൽകി ലോറൻസും അമ്മയും വാടകവീട്ടിലേക്ക് മാറിയിരുന്നു. അവിടെ താമസിച്ച് പഠിച്ചിരുന്ന കുട്ടികൾ ഇന്ന് മികച്ച ജോലി നേടി തമിഴ്നാടിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുകയാണ്. ഇവിടെ പഠിച്ച വേളാങ്കണ്ണി എന്ന പെണ്‍കുട്ടി അധ്യാപിക ആയതോടെയാണ് ആ വീട് ഒരു സ്കൂളാക്കി മാറ്റാൻ താരം തീരുമാക്കുന്നത്. സ്കൂളിലെ ആദ്യ അധ്യാപികയും വേളാങ്കണ്ണി തന്നെ.

മുൻപ് ചന്ദ്രമുഖി 2ൽ അഭിനയിക്കുന്നതിന് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ മുഴുവൻ കോവിഡ് ഫണ്ടുകളിലേക്ക് താരം സംഭാവന ചെയ്തിരുന്നു. കേരളത്തെ പ്രളയം മുക്കിയപ്പോള്‍ ഒരുകോടി രൂപയാണ് അന്ന് മലയാളികള്‍ക്കായി ലോറന്‍സ് നല്‍കിയത്. അനാഥർ, ഭിന്നശേഷിക്കാരായ കുട്ടികൾ, രോഗം കൊണ്ട് വലയുന്നവർ അങ്ങനെ സഹായം വേണ്ടവരിലേക്കെല്ലാം എത്തുന്ന മക്കൾ സൂപ്പർ സ്റ്റാറായി മാറുകയാണ് രാഘവ ലോറൻസ്

Related Posts