
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും ഇന്ധനവില വർദ്ധിച്ചതും രാജ്യത്തെ വിമാനക്കമ്പനികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു.
വ്യോമപാതകൾ തിരിച്ചുവിട്ടതിനെ തുടർന്നുള്ള അധിക ദൂരം, വിമാന ഇന്ധന വിലയിലെ അമിത വർദ്ധനവ്, രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. യാത്രാദൂരം കൂടിയതോടെ ഇന്ധന ഉപഭോഗവും ജീവനക്കാരുടെ ചെലവും കുത്തനെ ഉയർന്നു. കൂടാതെ വിമാനങ്ങളുടെ ലീസ്, ഇൻഷുറൻസ് തുകകൾ ഡോളറിൽ നൽകേണ്ടി വരുന്നതും രൂപയുടെ മൂല്യമിടിവും കമ്പനികൾക്ക് തിരിച്ചടിയായി. ടിക്കറ്റുകൾ നേരത്തെ വിറ്റഴിച്ചതിനാൽ നിലവിൽ നിരക്ക് വർദ്ധിപ്പിക്കാനും സാധിക്കുന്നില്ല.
സാധാരണയായി പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെ വന്നിരുന്ന ഇന്ധനച്ചെലവ് നിലവിൽ 55 മുതൽ 60 ശതമാനമായി ഉയർന്നു. വിമാനക്കമ്പനികളുടെ ലാൻഡിംഗ്-പാർക്കിംഗ് ചാർജ് ഇളവുകൾ ദീർഘിപ്പിക്കുക, ഇന്ധന നികുതി കുറയ്ക്കുക, ആഭ്യന്തര എ.ടി.എഫ് വിലനിർണ്ണയം മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് എഫ്.ഐ.എ മുന്നോട്ടുവെച്ചിട്ടുള്ളത്. കൃത്യസമയത്ത് സാമ്പത്തിക സഹായം ലഭ്യമായില്ലെങ്കിൽ പല സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്നും വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
