കോഴിക്കോട്: അനിശ്ചിതമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഫലമായി വിമാന കമ്പനികൾ കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിച്ചിരുക്കിയതിനാലും വിമാന ടിക്കറ്റുകൾക്ക് അമിത ചാർജ് ഈടാക്കുന്നതിനാലും കേരളീയ പ്രവാസി സമൂഹം കഴിഞ്ഞ രണ്ടുമാസത്തോളമായി ദുരിതമനുഭവിച്ചു വരുന്നു. വിമാന സർവീസുകൾ സാധാരണപോലെ പുനസ്ഥാപിച്ച് വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള എത്രയും വേഗം അവസാനിപ്പിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി കോഴിക്കോട് എയർപോർട്ട് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ഏതൊരു പ്രശ്നത്തോടും ഉദാസീന സമീപനം സ്വീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിലും മൗനം ദീക്ഷിക്കുന്നതിൽ അദ്ദേഹം ഉൽക്കണ്ഠ രേഖപ്പെടുത്തി.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്‌ലം ചെറുവാടി ധർണ്ണയിൽ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുട്ടി പൊന്നാട്, വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡണ്ട് സഫീർഷ, കൊണ്ടോട്ടി മുൻസിപ്പാലിറ്റി കൗൺസിലർ ബുസൈനാ ഫസൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും ജില്ലാ പ്രസിഡണ്ട് ബന്ന മുതവല്ലൂർ നന്ദിയും പറഞ്ഞു. സലാഹുദ്ദീൻ കെ., സൈദലവി എ.കെ., നൗഷാദ് ചുള്ളിയൻ, റഷീദ് അമ്പലക്കാട് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.
