കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ, രാഷ്ട്രീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ നടത്തിവന്ന നിയമനങ്ങൾക്ക് ഇനി മുതൽ കടിഞ്ഞാൺ വീഴും. മെറിറ്റ് അടിസ്ഥാനത്തിലാകും ഇനി നിയമനങ്ങൾ നടക്കുക.
സർക്കാർ പുറത്തിറക്കിയ കരട് സർക്കുലറിലെ നിർദ്ദേശങ്ങളിലാണ് ഹൈക്കോടതി നിർണ്ണായകമായ ഭേദഗതി വരുത്തിയത്. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് ‘അർഹമായ പരിഗണന’ നൽകണമെന്നായിരുന്നു സർക്കാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് ‘അർഹമായ പ്രാമുഖ്യം’ എന്നാക്കി ഡിവിഷൻ ബെഞ്ച് തിരുത്തി. അമികസ് ക്യൂറി പി. ദീപകിന്റെ അഭിപ്രായം ശരിവെച്ചാണ് കോടതി ഈ ഭേദഗതി വരുത്തിയത്.
ഇതോടെ നിയമനത്തിൽ ജില്ലാ കളക്ടർമാരുടെയും സർക്കാരിന്റെയും ഏകപക്ഷീയമായ തീരുമാനങ്ങൾ ഇനി നടപ്പാവില്ല. ഉദ്യോഗാർത്ഥികളുടെ പശ്ചാത്തലം പരിശോധിക്കുക എന്ന ചുമതല മാത്രമാകും ഇനി ജില്ലാ കളക്ടർമാർക്കുണ്ടാവുക. ജില്ലാ പോലീസ് മേധാവിമാർ പശ്ചാത്തലം പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ, നിയമന പ്രക്രിയയിൽ ജില്ലാ പോലീസ് മേധാവിമാരെ കൂടി ഉൾപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശത്തെ കോടതി തള്ളി. ഹർജിക്കാരന്റെ അഭിഭാഷകൻ എസ്.കെ. ആദിത്യൻ ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് ഈ തീരുമാനം.
ഇനിയുള്ള നിയമനങ്ങളിൽ സർക്കാരിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് ഈ ഉത്തരവ് വഴിയൊരുക്കുമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.
