പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ പാകിസ്താനിലേക്ക് കൈമാറിയെന്നാരോപിച്ച് യുവാവിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട്–ജമ്മു ദേശീയപാത 44-ലെ പാലത്തിനുസമീപമുള്ള കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈനിക വാഹനങ്ങളുടെ സഞ്ചാരം പകർത്തിയ ബൽജിത് സിങ് എന്ന ബിട്ടുവാണ് പിടിയിലായത്. ചക് ധരിവാൾ സ്വദേശിയാണ് ഇയാൾ.
സൈനിക വാഹനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായാണ് ക്യാമറ സ്ഥാപിച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് ദൃശ്യങ്ങൾ പാകിസ്താനിലെയും മറ്റു വിദേശരാജ്യങ്ങളിലെയും ഏജന്റുമാർക്ക് തത്സമയം കൈമാറിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി സീനിയർ പോലീസ് ഓഫീസർ ദൽജീന്ദർ സിങ് ധില്ലൺ പറഞ്ഞു.
ദുബായിൽ താമസിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് ജനുവരിയിൽ ക്യാമറ സ്ഥാപിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഇതിനായി 40,000 രൂപ പ്രതിഫലമായി ലഭിച്ചതായും ഇയാൾ മൊഴിനൽകി. പ്രതിയിൽനിന്ന് സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് പിടിച്ചെടുത്തു.
