Your Image Description Your Image Description

70-ാമത് നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2024-ലെ നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെയും മാധ്യമ അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് പുരസ്‌കാര തീരുമാനം അറിയിച്ചത്.

അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി എസ് താജുദ്ദീനാണ്. മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ആവേശം@70’ എന്ന വാര്‍ത്താ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ നിഖില്‍ രാജിനാണ്. ‘പുന്നമട നൈറ്റ്സ്’ എന്ന തലക്കെട്ടോടെയുള്ള ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ ബിദിന്‍ ദാസിനാണ്. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത ‘ബോട്ട് റേസ് റിഥം’ എന്ന വള്ളംകളി സ്പെഷ്യല്‍ വാര്‍ത്തക്കാണ് പുരസ്‌കാരം. 10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 30-ന് വള്ളംകളി വേദിയില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

നെഹ്റുട്രോഫി ജലമേളയുടെ ഭാഗമായി ശ്രവ്യമാധ്യമങ്ങള്‍ നടത്തിയ മികച്ച പ്രചാരണത്തിന് റേഡിയോ മാംഗോ, ക്ലബ് എഫ് എം എന്നിവ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

കേരള മീഡിയ അക്കാദമി ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി എല്‍ തോമസ്, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസ്മെന്റ് ലക്ചറര്‍ വി.ജെ. വിനീത, ഫോട്ടോ ജേണലിസം കോഓഡിനേറ്റര്‍ ലീന്‍ തോബിയാസ് എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണയം നടത്തിയതെന്ന് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ കെ.എസ്. സുമേഷ് അറിയിച്ചു.

Related Posts