Your Image Description Your Image Description

പൂനെ: നിയമ സഭയിലിരുന്ന് റമ്മി കളിച്ച് മഹാരാഷ്ട്രയിലെ കൃഷിമന്ത്രി മണിക്റാവു കൊകാതെ. മൊബൈൽ ഫോണിൽ ജംഗ്ലീ റമ്മീ കളിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങൾ ഞായറാഴ്ചയാണ് പുറത്ത് വന്നത്. എൻസിപി (എസ്പി) വിഭാഗം നേതാവ് രോഹിത് പവാറാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എൻസിപി അദിത് പവാർ വിഭാഗത്തിന് ബിജെപിയുമായി ചർച്ച ചെയ്യാതെ ഒന്നും ചെയ്യാനാവില്ല. മഹാരാഷ്ട്രയിലെ ക‍ർഷകരുടെ പ്രശ്നങ്ങൾ തീർപ്പില്ലാതെ കിടക്കുന്നു. ഓരോ ദിവസവും എട്ട് കർഷകരോളം ആത്മഹത്യ ചെയ്യുന്നു. കൃഷി മന്ത്രിക്ക് ജോലിയൊന്നും ഇല്ലാത്തതിനാൽ റമ്മി കളിച്ച് സമയം കൊല്ലുന്നുവെന്നാണ് രോഹിത് പവാർ വീഡിയോ പങ്കുവച്ച് വിശദമാക്കിയത്. എൻസിപി അജിത് പവാ‍ർ വിഭാഗം നേതാവാണ് മണിക്റാവു കൊകാതെ. സിന്നാ‍ർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മണിക്റാവു കൊകാതെ.

എംഎൽഎയുടെ നടപടിക്ക് ശിക്ഷ നൽകാനുള്ള വകുപ്പില്ലെന്നും അതിനാൽ മുന്നറിയിപ്പ് നൽകുമെന്നാണ് ബിജെപി നേതാവ് സുധീർ മുൻഗംന്ധിവാർ പ്രതികരിക്കുന്നത്. ഇത്തരം നടപടികൾ തടയാൻ നിയമ നിർമ്മാണം നടത്തണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് ആവശ്യപ്പെടുമെന്നും ബിജെപി സുധീർ മുൻഗംന്ധിവാർ വിശദമാക്കുന്നത്. ഇത് ആദ്യമായല്ല മണിക്റാവു കൊകാതെ ഇത്തരം നടപടികളിൽ ഏ‍ർപ്പെടുന്നതെന്നാണ് ശിവസേനാ നേതാവ് കിശോരി പെഡ്നേകർ പ്രതികരിക്കുന്നത്. മുൻപും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മണിക്റാവു കൊകാതെയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. എംഎൽഎമാർ പദവിയോട് ബഹുമാനം കാണിച്ചിരുന്ന സമയം ഉണ്ടായിരുന്നു ഇപ്പോൾ അത്തരത്തിലുള്ള പെരുമാറ്റത്തിൽ വൻ ഇടിവുണ്ടായെന്നുമാണ് കിശോരി പെഡ്നേക‍ർ പ്രതികരിക്കുന്നത്.

മഹാരാഷ്ട്രയിൽ തന്നെ നിരവധി കുടുംബങ്ങളെ തകർത്ത കാര്യമാണ് മന്ത്രി നിയമസഭയിലിരുന്ന് ചെയ്യുന്നത്. നിയമ സഭയോട് മന്ത്രിമാർക്ക് ബഹുമാനമില്ലാത്ത അവസ്ഥയാണുള്ളതെന്നാണ് എൻസിപി എംഎൽഎ ജിതേന്ദ്ര ആഹ്വാദ് പ്രതികരിച്ചത്. ഉപമുഖ്യമന്ത്രി വിഷയത്തിൽ എന്ത് പ്രതികരണം നടത്തുമെന്ന് അറിയാൻ ആകാംക്ഷയുണ്ടെന്നും ജിതേന്ദ്ര ആഹ്വാദ് വിശദമാക്കി. അമിത് ഷാ പുറത്താക്കാൻ ആഗ്രഹിക്കുന്ന മന്ത്രിമാരിലൊരാളാണ് മണിക്റാവു കൊകാതെയെന്നാണ് ശിവസേന വക്താവ് സഞ്ജയ് റൗത്ത് പ്രതികരിക്കുന്നത്.

.

 

Related Posts