Your Image Description Your Image Description

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒരു സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയടക്കം പ്രത്യക്ഷപ്പെടുന്ന ‘എല്‍ ദി മജെസ്റ്റിക്ക്’ എന്ന വീഡിയോയില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രീകരണസമയത്തുള്ള അനുഭവങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നു.

ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. 80കളിലും 90കളിലുമായിറങ്ങിയ വരവേല്‍പ്പ്, മിഥുനം പോലുള്ള ചിത്രങ്ങളിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ഒരു പുതിയ പതിപ്പിനെ സൃഷ്ടിക്കാനാണ് താന്‍ ശ്രമിച്ചത് എന്നാണ് തരുണ്‍ മൂര്‍ത്തി അവകാശപ്പെടുന്നത്.

തരുണ്‍ മൂര്‍ത്തിക്കൊപ്പം നിര്‍മ്മാതാവ് എം രഞ്ജിത്ത്, സഹാതിരക്കഥാകൃത്തും, ഫോട്ടോഗ്രാഫറുമായ കെ.ആര്‍ സുനില്‍, നടന്‍ ബിനു പപ്പു എന്നിവരും അനുഭവങ്ങള്‍ പങ്കിടുന്നു. ”നിമിഷനേരംകൊണ്ട് അയാള്‍ അങ്ങ് മാറി, ഈ കഥാപാത്രം മോഹന്‍ലാലിന് മാത്രമേ ചെയ്യാന്‍ കഴിയൂ, ഇനിയിതുപോലൊരു നടനെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്” മോഹന്‍ലാലിനെ കുറിച്ച് എം. രഞ്ജിത്തിന്റെ വാക്കുകള്‍.

”മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ നിശബ്ദതയില്‍ പോലുമുള്ള നോട്ടങ്ങള്‍, ചില ശരീര ചലനങ്ങള്‍ ഒക്കെ അദ്ദേഹത്തെ ഒരു നടനെന്ന രീതിയില്‍, പ്രേക്ഷകര്‍ മറ്റൊരു ലീഗില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിന് കാരണമാണ്, സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും, സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകമാണ്” തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts