തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് വിടാൻ സർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കും. നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് കേസ് സിബിഐക്ക് വിടണമെന്ന് അഭ്യർത്ഥിച്ചിരുന്നു. നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പോലീസ് ഇതിനകം കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. ഇനി കേസിലെ തുടർനടപടികൾ സിബിഐ തീരുമാനിക്കും.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ, 13 സാക്ഷികളെക്കൂടി ഉൾപ്പെടുത്തി കണ്ണൂർ ടൗൺ പോലീസ് നേരത്തെ വിചാരണ കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പോലീസ് കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടി മഞ്ജുഷ നൽകിയ ഹർജിയിൽ മെയ് 16-ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
തുടരന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചിരുന്നു. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ച് വായ്പ എടുത്തതിന്റെ രേഖകളും എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം ആരോപിച്ചു.
