Your Image Description Your Image Description

ഒട്ടാവ: നടനും കൊമേഡിയനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയില്‍ വെടിവെപ്പ്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ കപില്‍ കപ്‌സ് കഫേ എന്ന കപില്‍ ശര്‍മ അടുത്തിടെ തുടങ്ങിയ കഫേക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രിയാണ് കഫേക്കുനേരെ വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ കഫേക്ക് കേടുപാട് സംഭവിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കും വെടിവെപ്പുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണം പ്രദേശത്തെ ഇന്ത്യക്കാരെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തി.

 

നിരവധി തവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. പരിശോധനയില്‍ കഫേയിലും സമീപത്തെ കെട്ടിടത്തിലും വെടിയുണ്ടകള്‍ പതിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കഫേയും സമീപത്തെ കെട്ടിടവും പൊലീസ് സീല്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് വെടിയുണ്ടകളും പൊലീസ് ശേഖരിച്ചു. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയും പുരോഗമിക്കുകയാണ്.

അതേസമയം. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഖലിസ്ഥാനി ഭീകരന്‍ ഏറ്റെടുത്തു. ഖലിസ്ഥാനി വിഭാഗമായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ ഹര്‍ജിത് സിങ് ലഡ്ഡിയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരനാണ് ഹര്‍ജിത് സിങ് ലഡ്ഡി. കപില്‍ ശര്‍മയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതനായാണ് ആക്രമണമെന്നാണ് ഹര്‍ജിത് സിങ് ലഡ്ഡി അവകാശപ്പെടുന്നത്.

Related Posts