Your Image Description Your Image Description

അറബിക്കടലിന്റെ റാണിയുടെ നഗരക്കാഴ്ചകളിലേക്ക് രാത്രി സഞ്ചാരമൊരുക്കി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസ് ജൂലൈ 15 മുതൽ നിരത്തിലിറങ്ങും . സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കൊച്ചി നഗരത്തിൻ്റെ രാത്രി മനോഹാരിത ആസ്വദിക്കുന്നതിനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. രാത്രികാല കാഴ്ചകൾ കണ്ടുല്ലസിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്താൽ ജന്മദിനം, വിവാഹ വാർഷികം, ഒത്തുചേരലുകൾ തുടങ്ങിയ വിവിധ ആഘോഷങ്ങൾ നഗരക്കാഴ്ചയുടെ പശ്ചാത്തലത്തിൽ നടത്തുന്നതിനുള്ള പുതിയ കാൽവെപ്പാണ് ഓപ്പൺ ഡബിൾ ഡെക്കർ ബസ്.

രണ്ടാം നിലയുടെ മേൽക്കൂര മാറ്റി സഞ്ചാരികൾക്ക് കായൽ കാറ്റേറ്റ് കാണാൻ കഴിയുന്ന തരത്തിലാണ് ബസ് സഞ്ചാരത്തിന് ഒരുങ്ങുന്നത്. ജൂലൈ 15 വൈകിട്ട് 5 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ബസ്സിന്റെ ഉദ്ഘാടനം നിർവഹിക്കും.

ബജറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡബിൾ ഡക്കർ ബസിന്റെ മുകളിലെ ഡെക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 300 രൂപയും താഴത്തെ ഡെക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വോക്ക് വേ യിൽ സഞ്ചാരികൾക്ക് കായൽ തീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.

കോപ്റ്റ് അവന്യൂ വോക്ക് വേയിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിയും. തുടർന്ന് തേവര വഴി മറൈൻഡ്രൈവ്, ഹൈക്കോടതി, മൂന്ന് ഗോശ്രീ പാലങ്ങൾ കയറി കാളമുക്ക് ജംഗ്ഷനിൽ എത്തിച്ചേരും. കാളമുക്ക് ജംഗ്ഷനിൽ നിന്നും തിരിച്ച് രാത്രി 8 മണിയോടെ തിരികെ ബസ് സ്റ്റാൻഡിൽ എത്തും. മൂന്നുമണിക്കൂർ യാത്രയിൽ 29 കിലോമീറ്റർ ആണ് സഞ്ചരിക്കുന്നത്.

ബസ്സിന്റെ മുകളിലത്തെ നിലയിൽ 39 സീറ്റുകളും താഴത്തെ നിലയിൽ 24 സീറ്റുകളും ഉൾപ്പെടെ 63 സീറ്റുകളാണ് തയ്യാറായിരിക്കുന്നത്. ഓൺലൈൻ വഴിയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നേരിട്ടെത്തിയും സീറ്റ് ബുക്കിങ്ങിനുള്ള സംവിധാനം ഒരുക്കും. ഡബിൾ ഡെക്കർ ബസ് ആലുവ റീജണൽ വർക്ക്ഷോപ്പിൽ അവസാനഘട്ട പണിയിലാണ്. ഉദ്ഘാടന ദിവസം ബസ് എറണാകുളത്ത് എത്തിക്കും.

Related Posts