Your Image Description Your Image Description

ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് വേണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് (നിംഹാൻസ്) നടത്തുന്ന ദേശീയ മാനസിക ആരോഗ്യ സർവേയുടെ രണ്ടാംഘട്ടം കേരളത്തിൽ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗവും, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവുമാണ് ഈ സർവേയ്ക്ക് നേതൃത്വം നൽകുന്നത്. മാനസികാരോഗ്യ തോതും പ്രാദേശികമായുള്ള മാനസികാരോഗ്യ വെല്ലുവിളികളും തിരിച്ചറിയാനും അതനുസരിച്ച് നടപടി സ്വീകരിക്കാനും ഈ സർവേ സഹായിക്കും.

മുതിർന്നവരിലും കൗമാര പ്രായക്കാരിലും കാണുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ തോത് മനസിലാക്കുക, മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള വൈകല്യത്തിന്റെ അളവ്, സാമൂഹ്യ സാമ്പത്തിക ആഘാതം, കുടുംബത്തിന്റേയും പരിചരിക്കുന്നവരുടേയും മാനസിക സമ്മർദ്ദത്തിന്റെ തോത്, ഇപ്പോൾ നിലവിലുള്ള മാനസികാരോഗ്യ സംവിധാനത്തിന്റെ പര്യാപ്തത എന്നിവയാണ് സർവേ വിഷയങ്ങൾ. കേരളത്തിൽ 5 ജില്ലകളിലും (ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, വയനാട്, പാലക്കാട്) 4 പട്ടണ പ്രദേശങ്ങളും (തിരുവനന്തപുരം, തൃശൂർ, എറണാകുളം, കോഴിക്കോട്) ആണ് ഈ സർവേയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രാഗഡെയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന എന്നിവർ അംഗങ്ങളാണ്.

ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. വിധു കുമാർ കെ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. വിശ്വകല വി.എസ്. എന്നിവരാണ് പ്രധാന ഗവേഷകർ. ഡോ. സുമേഷ് ടി.പി. (അസി. പ്രൊഫസർ, സൈക്യാട്രി വിഭാഗം), ഡോ. മറിയം രാജി അലക്സ് (അസി. പ്രൊഫസർ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം) ഡോ. രമ്യ ജി. (അസി. പ്രൊഫസർ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം) ഡോ. ഗംഗ ജി. കൈമൾ (അസി. പ്രൊഫസർ സൈക്യാട്രി വിഭാഗം), ഡോ. ഷാലിമ എസ്. (അസി. പ്രൊഫസർ, സൈക്യാട്രി വിഭാഗം) എന്നിവരാണ് സഹ ഗവേഷകർ.

Related Posts