Your Image Description Your Image Description

‘കാന്താര 2’ സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന നടനും കലാസംവിധായകനുമായ ദിനേശ് മംഗളൂരു അന്തരിച്ചു. കെ.ജി.എഫ്, കിച്ച, കിർക്ക് പാർട്ടി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലും ദിനേശ് അഭിനയിച്ചിട്ടുണ്ട്. ഈയടുത്താണ് ‘കാന്താര 2’വിന്റെ സെറ്റിൽ വെച്ച് ദിനേശിന് പക്ഷാഘാതം ഉണ്ടായത്. തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞയാഴ്ച തലച്ചോറിൽ രക്തസ്രാവം (ഹെമറേജ്) സംഭവിച്ചു. ഇന്ന് രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

അനിഷ്ടസംഭവങ്ങൾ തുടർക്കഥ

‘കാന്താര 2’ വിന്റെ ചിത്രീകരണത്തിനിടെ നടക്കുന്ന നാലാമത്തെ മരണമാണിത്. നടൻ രാകേഷ് പൂജാരി, വൈക്കം സ്വദേശിയായ എം.എഫ്. കപിൽ, മിമിക്രി കലാകാരൻ നിജു എന്നിവരാണ് നേരത്തെ മരിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുക്കവെയായിരുന്നു ചിത്രത്തിന്റെ ഭാഗമായിരുന്നു ഹൃദയാഘാതം മൂലമാണ് 33-കാരനായ രാകേഷ് പൂജാരി മരിച്ചത്. കൂടാതെ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടാണ് കപിൽ മരണപ്പെട്ടത്. ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോംസ്റ്റേയിൽ വെച്ച് ഹൃദയാഘാതം കാരണമായിരുന്നു നിജുവിന്റെ അന്ത്യം. 43 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഈ ദുരന്തങ്ങൾക്ക് പുറമെ, ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെടുകയും മോശം കാലാവസ്ഥയെ തുടർന്ന് സെറ്റ് തകരുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ വനത്തിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുവെന്നാരോപിച്ച് ഗ്രാമവാസികൾ അണിയറപ്രവർത്തകരുമായി ഏറ്റുമുട്ടിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം വൻ വിജയമായി മാറിയ ‘കാന്താര’യുടെ രണ്ടാം ഭാഗമാണ് ‘കാന്താര 2’. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യഭാഗത്തിന്റെ മുൻപുള്ള കഥയാണ് പറയുന്നത്. ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ‘കാന്താര’. ഒക്ടോബർ 2-നാണ് ‘കാന്താര 2’വിന്റെ റിലീസ്.

Related Posts