Home » Blog » kerala Max » ദീപക് രജാവത് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പുതിയ സിഇഒ
16

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ദീപക് രജാവത്തിനെ നിയമിച്ചു. ഡിസംബർ ഒന്നിന് ചുമതല ഏറ്റെടുക്കും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ്.

വ്യോമയാന മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ദീപക് രജാവത് നേരത്തെ വിസ്താരയിൽ കോർപ്പറേറ്റ് പ്ലാനിംഗ്, എയർക്രാഫ്റ്റ് അക്വിസിഷൻ, ഫിനാൻസ് തുടങ്ങിയ മേഖകളിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ചീഫ് കൊമേഴ്സ്യൽ ഓഫീസർ എന്ന നിലയിൽ വിസ്താരയിൽ റവന്യൂ മാനേജ്‌മെൻ്റ്, നെറ്റ്‌വർക്ക് പ്ലാനിങ്, സെയിൽസ്, പാർട്ണർഷിപ്പ്, ഉൽപ്പന്ന വികസനം, വിമാനത്തിനുള്ളിലെ സേവനങ്ങൾ, മാർക്കറ്റിങ്, ബ്രാൻഡിങ്, ഉപഭോക്തൃ അനുഭവം തുടങ്ങി വിപുലമായ മേഖലകളുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും വിസ്താരയിലൂടെയും ഇപ്പോൾ എയർ ഇന്ത്യ എക്‌സ്പ്രസിലൂടെയും ടാറ്റ ഗ്രൂപ്പിൻ്റെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞതിലൂടെ ഇന്ത്യൻ വ്യോമയാന രംഗത്തുണ്ടായ മാറ്റങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിക്കാൻ സാധിച്ചിട്ടുണ്ടെന്നും ദീപക് രാജാവത്ത് പറഞ്ഞു.

ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. കാര്യക്ഷമവും നൂതനവും സാങ്കേതിക വിദ്യയിലൂന്നിയുള്ള ഒരു മൂല്യാധിഷ്ഠിത വിമാനക്കമ്പനിയായുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മുന്നേറ്റം കൂടുതൽ വേഗത്തിലാക്കും. കാര്യക്ഷമതയ്ക്കും നൂതന ആശയങ്ങൾക്കുമൊപ്പം മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ 48 സ്ഥലങ്ങളിലേക്കും വിവിധ ഏഷ്യൻ രാജ്യങ്ങളിലെ 17 ഇടങ്ങളിലേക്കുമായി പ്രതിദിനം 585ഓളം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ബോയിങ് 737, എയർബസ് എ320 ഫ്ളീറ്റുകളിൽ നിന്നുള്ള 108 ആധുനിക വിമാനങ്ങളാണ് കമ്പനിയ്ക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *