Your Image Description Your Image Description

തൊഴിലുറപ്പിനിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും

തിരുവനന്തപുരം: കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ ഇന്നലെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനം. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ പൂർണ്ണമായും NREGS വഹിക്കും. കൂടാതെ തൊഴിലുറപ്പ് നിയമമനുസരിച്ച് പരിക്കേറ്റവർക്ക് ചെയ്യാൻ സാധിക്കുമായിരുന്ന തൊഴിൽ ദിനങ്ങളുടെ പകുതി കൂലിക്കും അർഹതയുണ്ട്.

 

കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ ആണ് ഇന്നലെ അപകടം നടന്നത്. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് തെങ്ങ് കടപുഴക്കി വീഴുകയായിരുന്നു. മറ്റുള്ളവർ ഓടി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. അതേസമയം 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് വീണത്. ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

അപകടം നടക്കുന്ന സമയത്ത് ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർക്കും പരുക്കുകൾ പറ്റിയിട്ടുണ്ട്. കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Posts