Your Image Description Your Image Description

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഭിന്നശേഷി സൗഹൃദ പദ്ധതികളും മാതൃകാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രോണിക് വീൽചെയർ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളിൽ നല്ല നിലയിൽ ഇടപെടുന്നുണ്ട്. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ഇലക്ട്രോണിക് വീൽചെയറുകളും മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്യുന്നു. എന്നാൽ അപേക്ഷിക്കുന്ന എല്ലാവർക്കും ഈ സംവിധാനങ്ങൾ നൽകാൻ കോർപ്പറേഷന് മാത്രമായി സാധിക്കില്ല. അതുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ചലന പരിമിതി നേരിടുന്നവർക്കും ഗുണമേന്മയുള്ള ഇലക്ട്രോണിക് വീൽചെയറുകൾ അല്ലെങ്കിൽ മുച്ചക്ര വാഹനങ്ങൾ ഉറപ്പാക്കുക എന്നുള്ളത് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമൂഹവും കൈകോർത്തുപിടിച്ച് ഏറ്റെടുത്തിട്ടുള്ള ദൗത്യമാണ്.

ചലനരഹിതർ ഇല്ലാത്ത തിരുവനന്തപുരം ജില്ല എന്ന സ്വപ്ന പദ്ധതിയുടെ ആദ്യഘട്ടമായി നാല്പത് ഭിന്നശേഷി സഹോദരങ്ങൾക്കാണ് ഇലക്ട്രോണിക് വീൽചെയർ നൽക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലു കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഈ പദ്ധതിയിലൂടെ നടപ്പിലാക്കപ്പെടുകയാണ്. ഭിന്നശേഷി സഹോദരങ്ങളെ ചേർത്തുപിടിക്കുന്ന മാതൃകാപരമായ പദ്ധതികൾ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട നാല്പത് ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രോണിക് വീൽചെയർ മന്ത്രി വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സർക്കാർ സ്‌കൂളുകൾക്കും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്കും പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രിയുടെ സാന്നിധ്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് നിയമിച്ചിട്ടുള്ള സ്‌കൂൾ ലൈബ്രേറിയൻമാർക്കുള്ള ഐഡന്റിറ്റി കാർഡും ചടങ്ങിൽ വിതരണം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts