
പഞ്ചായത്ത് തിരഞ്ഞെടുപ്പാവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് ആണ് വിജയിച്ചത് എന്നും, ഇത് കേരളത്തിൽ സർക്കാർ സംവിധാനങ്ങളും മുന്നണിയും ശക്തമാണെന്നതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. നിലവിലുള്ള ഭൂരിപക്ഷം യു.ഡി.എഫ് നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ 38 സീറ്റുകളിൽ മുൻപ് 22 ഇടത്ത് യു.ഡിഎഫും 15 ഇടത്ത് എൽ.ഡി.എഫുമായിരുന്നു കക്ഷിനില. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സീറ്റുകൾ നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 22 ൽ നിന്ന് 19 ആയി യു.ഡി.എഫ് സീറ്റുകൾ കുറഞ്ഞപ്പോൾ, മൂന്ന് സീറ്റുകൾ അധികം നേടിയ എൽ.ഡി.എഫ് മികച്ച നേട്ടമുണ്ടാക്കി. ഉപതെരഞ്ഞെടുപ്പിൽ ആകെ അഞ്ച് വാർഡുകളാണ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തത്. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി-ട്വന്റി നിലനിർത്തി.
പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാർഡിലും, മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലും രണ്ടാമതെത്താൻ കഴിഞ്ഞത് ബി.ജെ.പിയ്ക്ക് ആശ്വാസമായി. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ എന്നീ വാർഡുകൾ യു.ഡി.എഫ് നിലനിർത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലാർ ഡിവിഷൻ യു.ഡിഎഫും പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷൻ എൽ.ഡി.എഫും സ്വന്തമാക്കി. എന്നാൽ കോട്ടയം തൃക്കോടിത്താനം ഡിവിഷൻ എൽ.ഡി.എഫ് പിടിച്ചെടുത്തത് യു.ഡി.എഫിന് വലിയ ക്ഷീണമായി. നഗരസഭകളിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫുമാണ് വിജയം കണ്ടത്.
ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. പതിനൊന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോൾ, എട്ട് വാർഡുകളിൽ യു.ഡി.എഫും രണ്ടിടത്ത് എൽ.ഡി.എഫും ജയം കണ്ടു. പത്തനംതിട്ട ജില്ലയിലെ നാലിടത്തും യു.ഡി.എഫ് മിന്നും വിജയം സ്വന്തമാക്കി. മലപ്പുറത്ത് യു.ഡി.എഫ് – എൽ.ഡി.എഫ് മുന്നണികൾ സമാസമം എത്തിയപ്പോൾ എറണാകുളത്ത് ഇരുമുന്നണികളും തങ്ങളുടെ സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിൽ വിജയിച്ചു.
