Your Image Description Your Image Description

തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ എത്തിച്ച ഒരേയൊരു സംസ്ഥാനമേ ഇന്ത്യയിലുള്ളുവെന്നും അത് കേരളമാണെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച പെരുമ്പളം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾക്കായി ഒരാളും പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങേണ്ടതില്ലാത്ത സാഹചര്യമൊരുക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. കെ സ്മാർട്ട് വന്നതോടുകൂടി ഇത് സാധ്യമായിക്കഴിഞ്ഞു. ഇതൊരു അതിശയോക്തിയല്ല. തങ്ങളുടെ പഞ്ചായത്തുകളിൽ നിന്ന് ലഭിക്കേണ്ട ഏത് സേവനവും ഇന്ന് ലോകത്ത് എവിടെയിരുന്നുകൊണ്ടും ആർക്കും നേടാം. സേവനങ്ങൾക്കായി ഓഫീസുകളിലേക്ക് നടന്നു ചെരുപ്പ് തേയുന്ന അവസ്ഥ മാറിക്കഴിഞ്ഞു. ആവശ്യമായ സർട്ടിഫിക്കറ്റുകൾ എല്ലാം മിനിറ്റുകൾ വാട്സാപ്പിൽ കയ്യിലെത്തുന്ന സ്ഥിതിയാണിന്ന്. നികുതി അടക്കാനും ജനന സർട്ടിഫിക്കറ്റ് ലഭിക്കാനും വിവാഹം രജിസ്റ്റർ ചെയ്യാനുമൊന്നും ആരും ഇന്ന് പഞ്ചായത്ത് ഓഫീസിൽ കയറേണ്ടതില്ല. പണ്ട് വിവാഹം രജിസ്റ്റർ ചെയ്യൽ വിവാഹത്തേക്കാൾ ഭാരിച്ച ചടങ്ങായിരുന്നു. ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് പോകേണ്ടതില്ല. 45000ത്തിലധികം വിവാഹ രജിസ്ട്രേഷനുകൾ വീഡിയോ കെ വൈ സി വഴി നടന്നു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആയിരക്കണക്കിന് വിവാഹ വിവാഹ സർട്ടിഫിക്കറ്റുകൾ നൽകിയത് ഒരു മിനിറ്റിനുള്ളിലാണ്. ബിൽഡിങ് പ്ലാൻ കെ സ്മാർട്ടിൽ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ പ്ലാൻ ചട്ടങ്ങൾക്കനുസരിച്ചാണെങ്കിൽ സെക്കൻഡുകൾക്ക് ഇന്ന് ബിൽഡിംഗ് പെർമിറ്റ് ലഭിക്കും. വിപ്ലവകരമായ മാറ്റമാണിത്. സേവനങ്ങളെല്ലാം വേഗത്തിലും കാര്യക്ഷമമായി. അഴിമതി ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ശുചിത്വത്തിലും കേരളത്തിൽ വലിയ മാറ്റം വന്നു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പെരുമ്പളം മനോഹരമായ സ്ഥലമാണ്. ഇത് വൃത്തികേടാകാതെ സൂക്ഷിക്കണം. ബിന്നുകളും ബോട്ടിൽ ബൂത്തുകളും ആവശ്യത്തിന് സ്ഥാപിച്ചാൽ മാലിന്യം വലിച്ചെറിയുന്ന സ്വഭാവം കുറയും. എന്നിട്ടും വലിച്ചെറിയുന്നവർക്കെതിരെ കർശനമായി പിഴ ചുമത്തണം. ശക്തമായ നടപടി സ്വീകരിക്കണം. ഇത് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ദലീമ ജോജോ എംഎല്‍എ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തുകളുടെ വികസനത്തിന് കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചു കൊണ്ടിരിക്കുന്നതെന്ന് എം എൽ എ പറഞ്ഞു. ഗ്രാമീണ റോഡുകളും സ്കൂൾ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ഒക്കെ ഒരുക്കാൻ കോടിക്കണക്കിന് രൂപയുടെ ഒട്ടേറെ പദ്ധതികളാണ് ഇക്കാലയളവിനിടെ പൂർത്തിയാക്കിയത്. പെരുമ്പളം ഗ്രാമപഞ്ചായത്തിലെ പതിനായിരത്തോളം വരുന്ന ജനങ്ങൾക്ക് വേണ്ടി മാത്രം പെരുമ്പളം പാലം പൂർത്തിയാക്കുന്നതിന് സർക്കാർ 100 കോടി രൂപയാണ് ചെലവഴിക്കുന്നതെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
വിവിധ വികസന ഫണ്ടുകളിൽ ഉൾപ്പെടുത്തി 67.72 ലക്ഷം രൂപ ചെലവിലാണ് ഗ്രാമപഞ്ചായത്ത് കെട്ടിടം നവീകരിക്കുകയും ടേക്ക് എ ബ്രേക്ക് സൗകര്യം ഒരുക്കുകയും ചെയ്തത്. പെരുമ്പളം ദ്വീപിന്റെ ഭരണസിരാകേന്ദ്രമായ പഞ്ചായത്ത് ഓഫീസ് പരിമിതമായ സൗകര്യങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ടേക്ക് എ ബ്രേക്ക് വഴിയിടം, കോണ്‍ഫറന്‍സ് ഹാള്‍, ഫീഡിങ് മുറി, ഫ്രണ്ട് ഓഫീസ്, കഫറ്റീരിയ, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നവീകരിച്ച പഞ്ചായത്ത് കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എന്‍ ജയകരന്‍ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി വി ആശ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുറിഞ്ഞപുഴ തുരുത്തിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ കക്കവാരൽ തൊഴിലാളി ശിവനെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി ആർ രജിത, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി വിൻസ്റ്റൻ ഡിസൂസ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts