Home » Blog » kerala Max » ഡൽഹി ഹോസ്റ്റൽ ദുരന്തത്തിൽ നിർണായക കണ്ടെത്തൽ: അടിത്തറ ദുർബലമെന്നറിഞ്ഞിട്ടും നാല് നിലകൾ കൂട്ടിപ്പണിതു
delhi-building

ഡൽഹി: സത്യനികേതനിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ ഹോസ്റ്റൽ കെട്ടിട ദുരന്തത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കെട്ടിടത്തിന്റെ അടിത്തറ ദുർബലമാണെന്ന് ബോധ്യമുണ്ടായിരുന്നിട്ടും, കൂടുതൽ വാടക ലക്ഷ്യമിട്ട് ഉടമ ഹരിറാം ഗുപ്തയും സഹോദരനും ചേർന്ന് നാല് നിലകൾ അനധികൃതമായി പണിയുകയായിരുന്നുവെന്ന് ഡൽഹി പോലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നു.

താഴത്തെ നിലയിലുണ്ടായിരുന്ന രണ്ട് കടമുറികൾ ഒന്നാക്കി മാറ്റുന്നതിനായി കെട്ടിടത്തിന്റെ ഭാരം താങ്ങിനിർത്തിയിരുന്ന പ്രധാന മതിൽ പൊളിച്ചുനീക്കിയതാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്കായി സ്ഥലത്തുനിന്നും മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കെട്ടിടം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹോസ്റ്റൽ ഡേസ് എന്ന പി.ജി നടത്തിപ്പുകാർക്ക് വാടകയ്ക്ക് നൽകിയതാണെന്ന് ഉടമയുടെ മകൻ മൊഴി നൽകിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ലേബർ കോൺട്രാക്ടർ സനോജിനെ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ഒളിവിൽ പോയ കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഭാര്യ ഊർമ്മിള, മകൻ മഹേഷ് ഗുപ്ത എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഹരിറാമിനെയും ഊർമ്മിളയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലും മകനെ രണ്ട് ദിവസത്തെ പോലീസ് റിമാൻഡിലും വിട്ടു. അപകടത്തെത്തുടർന്ന് ഡൽഹി സർക്കാർ നഗരത്തിലെ പി.ജി ഹോസ്റ്റലുകളിൽ സുരക്ഷാ ഓഡിറ്റിങ് ആരംഭിച്ചു. ആദ്യഘട്ടമായി സത്യനികേതൻ, മുഖർജി നഗർ, ലക്ഷ്മി നഗർ, സാകേത് എന്നീ വിദ്യാർത്ഥി കേന്ദ്രങ്ങളിലാണ് അടിയന്തര പരിശോധന നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *