ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെയും നോയിഡയിലെ ജേവർ അന്താരാഷ്ട്ര വിമാനത്താവളത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന അതിബൃഹത്തായ തുരങ്കപാത പദ്ധതിക്ക് കേന്ദ്ര സർക്കാർ പ്രാഥമിക നടപടികൾ ആരംഭിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് ഈ വമ്പൻ പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുന്നത്. ഈ തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ഡൽഹിക്കും നോയിഡയ്ക്കും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നുമാത്രമല്ല, നഗരത്തിലെ പ്രധാന റോഡുകളിലെ കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാവുകയും ചെയ്യും.
യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒന്നിലധികം എക്സിറ്റ് കേന്ദ്രങ്ങളുള്ള ഈ തുരങ്കപാതയുടെ പ്രധാന പ്രവേശനകവാടം ടോക്കറ്റോറ സ്റ്റേഡിയം പ്രദേശത്തായിരിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ കരോൾ ബാഗ്, പട്ടേൽ നഗർ, രാജേന്ദ്ര പ്ലേസ്, കണോട്ട് പ്ലേസ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്ക് വിമാനത്താവളങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ സാധിക്കും. രണ്ട് ഘട്ടങ്ങളായാണ് എൻഎച്ച്എഐ ഈ പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ടോക്കറ്റോറ സ്റ്റേഡിയത്തിൽ നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം വഴി ഗുരുഗ്രാമിലേക്കുള്ള തുരങ്കപാതയുടെ സാധ്യതാപഠനമാണ് നടത്തുക.
രണ്ടാം ഘട്ടത്തിൽ ഈ തുരങ്കം ടോക്കറ്റോറ സ്റ്റേഡിയത്തിൽ നിന്ന് സറായ് കാലെ ഖാൻ വരെ നീട്ടുകയും, അവിടെ നിന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിച്ച് ചന്ദാവലി-ജേവർ ലിങ്ക് റോഡ് വഴി ജേവർ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി ഒരുക്കുകയും ചെയ്യും. പദ്ധതിയുടെ പ്രാഥമിക പഠനങ്ങൾ ഇതിനകം ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ സഹമന്ത്രി ഹർഷ് മൽഹോത്ര വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള ഈ പദ്ധതിയുടെ കൃത്യമായ പാത നിർണയിച്ച ശേഷം നിർമാണച്ചെലവ്, സാങ്കേതിക വെല്ലുവിളികൾ എന്നിവ ഉൾപ്പെടുന്ന വിശദമായ പദ്ധതി റിപ്പോർട്ട് അധികൃതർ ഉടൻ തയ്യാറാക്കും.
