Home » Blog » kerala Max » ഡൽഹിയുടെ ബാറ്റിംഗ് തകർച്ചയിലും തലയൂരി ബെംഗളൂരു; ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ സ്കോർ ഇന്നും ആർസിബിയുടെ പേരിൽ
rcb

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കനത്ത തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും ആർസിബിയുടെ പേരിലുള്ള ആ പഴയ നാണക്കേടിന്റെ റെക്കോർഡ് മറികടക്കാനായില്ല. ഒരു ഘട്ടത്തിൽ നാലോവർ പൂർത്തിയാകുമ്പോൾ വെറും ഒമ്പത് റൺസിന് ആറ് വിക്കറ്റ് എന്ന അതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു ഡൽഹി.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറായ 49 റൺസ് (2017-ൽ കെകെആറിനെതിരെ ആർസിബി നേടിയത്) ഡൽഹി സ്വന്തം പേരിലാക്കുമെന്ന് തോന്നിച്ചെങ്കിലും അഭിഷേക് പോറലിന്റെയും (30), ഡേവിഡ് മില്ലറുടെയും (19), കെയ്ലി ജാമിസന്റെയും (12) ചെറുത്തുനിൽപ്പ് ടീമിനെ 75 റൺസിലെത്തിച്ചു. ഇതോടെ ആർസിബിയുടെ ഒമ്പത് വർഷം പഴക്കമുള്ള ആ നാണക്കേടിന്റെ റെക്കോർഡ് തലനാരിഴയ്ക്കാണ് ഡൽഹി ഒഴിവാക്കിയത്.

2017-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 132 റൺസ് പിന്തുടർന്ന ആർസിബിക്ക് ക്രിസ് ഗെയ്‌ൽ, വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്സ് തുടങ്ങിയ ഇതിഹാസ താരങ്ങൾ ഉണ്ടായിട്ടും വെറും 49 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അന്ന് ഒരാൾ പോലും രണ്ടക്കം കടന്നില്ല എന്നതായിരുന്നു ആ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. ഇന്നലെ ഡൽഹിയെ അതിലും കുറഞ്ഞ സ്കോറിൽ ഒതുക്കാൻ ആർസിബി ബൗളർമാർക്ക് സുവർണ്ണാവസരം ലഭിച്ചെങ്കിലും വാലറ്റത്തിന്റെ പോരാട്ടം ഡൽഹിയെ രക്ഷിക്കുകയായിരുന്നു.