Home » Blog » Kerala » ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ചു, അവിഹിത കഥകൾ ഉണ്ടാക്കി നടൻ ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി അൻസിബ
Ansiba-Hassan-680x450

താരസംഘടനയായ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും താൻ രാജിവെക്കാനുണ്ടായ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തി നടി അൻസിബ ഹസൻ. നടൻ ടിനി ടോം തനിക്കെതിരെ വർഗീയ അധിക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തിയെന്നാണ് അൻസിബയുടെ പ്രധാന ആരോപണം. സംഘടനയ്ക്കുള്ളിലെ അസ്വസ്ഥതകൾ കാരണം വലിയ മാനസിക സമ്മർദ്ദമാണ് താൻ അനുഭവിച്ചതെന്ന് നടി പറഞ്ഞു.

 

തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിച്ചു. ഒരു സ്ത്രീയെ തകർക്കാൻ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നത് എളുപ്പമാണെന്ന് ടിനി ടോം കരുതിയതായും അൻസിബ ആരോപിച്ചു. തന്നെ ‘ജിഹാദി’ എന്നും മതതീവ്രവാദിയെന്നും വിളിച്ചു. ടിനി ടോമിന്റെ ഡ്രൈവറെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചു എന്നുവരെ ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ചതായി നടി പറഞ്ഞു. ടിനി ടോം നടി നീന കുറുപ്പിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും മോശമായി സംസാരിച്ചെന്നും അൻസിബ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് നീന കുറുപ്പ് സംഘടനയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

 

മറ്റൊരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പോലീസിൽ വ്യാജ പരാതി നൽകിയെന്നും മൂന്ന് മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്നും അൻസിബ കൂട്ടിച്ചേർത്തു. ഫെബ്രുവരി 21-നാണ് അൻസിബ രാജിവെച്ചത്. ജോലി തിരക്ക് കാരണമാണ് രാജിയെന്ന് കത്തിൽ എഴുതിയെങ്കിലും ടിനി ടോമിൽ നിന്നേറ്റ പീഡനങ്ങളാണ് യഥാർത്ഥ കാരണമെന്ന് അൻസിബ വ്യക്തമാക്കി. സംഘടനയുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഒരു മതസ്ഥാപനത്തെ ഒഴിവാക്കണമെന്ന് അഭിപ്രായം പറഞ്ഞതാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതെന്നും അൻസിബ വെളിപ്പെടുത്തി.