Your Image Description Your Image Description

ജിഎസ്‌ടി നിരക്ക് കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ ടയർ വിലയും കുറച്ചു കൊണ്ട് സിയറ്റ് ലിമിറ്റഡ്. വാഹനങ്ങളുടെ വില കുറഞ്ഞതിന് പിന്നാലെയാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകി ടയർ കമ്പനിയുടെ ഈ നീക്കം. പുതിയ ന്യൂമാറ്റിക് ടയറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ച സാഹചര്യത്തിൽ ഈ ആനുകൂല്യം പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് സിയറ്റ് അറിയിച്ചു.

സെപ്റ്റംബർ 22 മുതൽ ഈ വിലക്കുറവ് നിലവിൽ വരും. കൂടാതെ ട്രാക്ടർ ടയറുകൾക്കും ട്യൂബുകൾക്കും ജിഎസ്ടി അഞ്ച് ശതമാനമായി കുറയും. പുതിയ നികുതി പരിഷ്കാരങ്ങൾ വാഹന നിർമ്മാതാക്കൾക്കും ടയർ കമ്പനികൾക്കും ഒരുപോലെ ഗുണം ചെയ്യും.

ടയർ വ്യവസായത്തിനും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ജിഎസ്ടി നിരക്കുകൾ കുറച്ച കേന്ദ്രസർക്കാർ തീരുമാനമെന്ന് സിയറ്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അർണാബ് ബാനർജി പറഞ്ഞു.
പുതിയ തീരുമാനം വാഹന ഉടമകൾക്ക് ചെലവ് കുറയ്ക്കുക മാത്രമല്ല, ടയറുകൾ മാറ്റിസ്ഥാപിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിലൂടെ റോഡുകൾ സുരക്ഷിതമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയ ജിഎസ്ടി 2.0 വ്യവസ്ഥകൾ പ്രകാരം വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകൾ കുറച്ചു. ഇത് യാത്രാവാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും കൂടുതൽ വിലക്കുറവ് നൽകും. പുതിയ നികുതി നിരക്കനുസരിച്ച്, 350 സിസി വരെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങൾക്ക് ഇനി 18% ജിഎസ്ടി മാത്രം നൽകിയാൽ മതി.

Related Posts