
ചെന്നൈ: തമിഴ്നാട്ടിൽ ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് പ്രവേശനം സാധ്യമാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മാതൃകാപരമായ ഇടപെടൽ. കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള പെരുമാൾ ക്ഷേത്രത്തിലാണ് സംഭവം. കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസിന്റെ നേതൃത്വത്തിലാണ് ദളിത് വിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം ഉറപ്പാക്കിയത്.
ദേവസ്വം വകുപ്പിന്റെ കീഴിലുള്ള പ്രശസ്തമായ പെരുമാൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ദളിത് ജനവിഭാഗങ്ങളെ പ്രബല ജാതിക്കാർ കാലങ്ങളായി വിലക്കിയിരുന്നു. തുടർന്ന് ദളിത് വിഭാഗങ്ങൾ ഒന്നടങ്കം ക്ഷേത്രദർശനത്തിനായി എത്താൻ തീരുമാനിച്ചതോടെ, ഒരു വിഭാഗം ക്ഷേത്രകവാടം പൂട്ടിയിട്ട് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഇത് പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ എസ്.പി ഷാഹ്നാസ് പ്രതിഷേധക്കാരുമായി സമവായ ചർച്ച നടത്തിയെങ്കിലും ദളിതരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. തുടർന്ന് ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ എസ്.പി, ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് ദളിത് വിഭാഗങ്ങൾക്ക് സുരക്ഷിതമായി പ്രാർത്ഥന നടത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
