Your Image Description Your Image Description

 

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലുൾപ്പെടെ ജനങ്ങളുമായി ചർച്ച നടത്തി വികസന പദ്ധതികൾ രൂപീകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വികസന സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

 

93 ശതമാനം അതിദരിദ്രരെ അവസ്ഥയിൽ നിന്നും നിലവിൽ മോചിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലെ സമ്പൂർണ അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി കേരളത്തെ അടുത്ത കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കും. ചൈനക്ക് ശേഷം ആദ്യമായി അതിദാരിദ്ര്യ പ്രഖ്യാപനം നടത്തുന്ന ആദ്യ നാടായി കേരളം മാറുകയാണ്. പരമ്പരാഗത പ്രശ്‌നങ്ങൾക്കൊപ്പം പുതു തലമുറ പ്രശ്‌നങ്ങളായ മാലിന്യ നിർമാജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയ പദ്ധതികൾക്കും രൂപം നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഹരിത കർമ സേനയിലൂടെ തരം തിരിച്ചുള്ള ശാസ്ത്രീയ മാലിന്യ നിർമാർജനത്തിൽ കേരളം രാജ്യത്തിന് മാതൃകയായി അധികാര വികേന്ദ്രീകരണത്തിന്റെ തുടർച്ചക്കായി ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി ഉപയോഗിച്ചു. കെ സ്മാർട്ടടക്കമുള്ള മൊബൈൽ ആപ്‌ളിക്കേഷനിലൂടെ സേവനങ്ങൾ വിരൽ തുമ്പിൽ ലഭിക്കുന്നു എന്നത് കൊണ്ട് പ്രാദേശിക ഭരണകൂടങ്ങൾ ജനങ്ങൾക്കരികെ തന്നെയാണ് എന്ന് ബോധ്യപ്പെടുത്താനും കഴിഞ്ഞു. 66812 കെട്ടിട പെർമിറ്റുകൾ 30 സെക്കൻഡു കൊണ്ട് ഡിജിറ്റലായി വിതരണം ചെയ്യാൻ കഴിഞ്ഞു. ഡിജിറ്റൽ സാക്ഷരത, തൊഴിലുറപ്പ് ക്ഷേമനിധി, നഗര തൊഴിലുറപ്പ് പദ്ധതി, പട്ടിക വർഗ മേഖലയിൽ 100 ദിവസം അധിക തൊഴിൽ, 4,61,000 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട് തുടങ്ങി നിരവധി പദ്ധതികളാണ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയത്. വികസന സദസ്സിലൂടെ ഉയർന്നു വരുന്ന ആശയങ്ങൾ നവകേരള സൃഷ്ടിക്ക് പുതിയ മാതൃകകൾ തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Related Posts