ചാലക്കുടിയിൽ ഓൺലൈൻ തട്ടിപ്പിനിരയായി വീട്ടമ്മ

തൃശൂര്‍: പോലീസി​ന്റെ വേഷത്തിൽ വീട്ടമ്മയെ വീഡിയോ കോൾ ചെയ്ത് പണം തട്ടി. ഭയപ്പെടുത്തി ഒന്നര ദിവസം ബന്ദിയാക്കിയാക്കിയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയത്. ചാലക്കുടി മേലൂര്‍ സ്വദേശിനിയായ റിട്ട. ട്രീസയാണ് തട്ടിപ്പിനിരയായത്. പണം പല അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിനിടെ സംശയം തോന്നിയ ട്രീസ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാല്‍ സന്ദീപിന്റെ കൂട്ടാളികള്‍ കൊലപ്പെടുത്തുവെന്നും പറഞ്ഞ് ട്രീസയെ വിശ്വസിപ്പിച്ചു. ഇതോടെ പേടിച്ച ട്രീസ ഒന്നര ദിവസം മുറിക്കുള്ളില്‍ തന്നെ കഴിയുകയായിരുന്നു.

തട്ടിപ്പിനിടയില്‍ ട്രീസയുടെ ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടിലേക്കെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് പണമയക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രീസ ബാങ്കിലെത്തിയപ്പോഴും തട്ടിപ്പ് മനസിലായില്ല.

ഈ വിവരം ട്രീസ ആരോടും പറഞ്ഞിരുന്നില്ല. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് തട്ടിപ്പുകാരെ അറിയിച്ചതോടെ ഗൂഗിള്‍ പേ വഴി ചെയ്യാന്‍ തട്ടിപ്പുകാരന്‍ നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം പല ഗഡുക്കളായി 40,000 രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ പല നമ്പറുകളിലേക്ക് പണം നിക്ഷേപിച്ചതോടെ ട്രീസയ്ക്ക് സംശയം തോന്നി. പിന്നാലെ വിവരം അയല്‍വാസിയോട് പറഞ്ഞതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *