<strong>ന്യൂഡല്‍ഹി</strong>: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുളള ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണവും വെളളവും നല്‍കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തുന്ന ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെ. ബലാത്സംഗം ചെയ്യുന്നവരെയും മറ്റ് ക്രിമിനലുകളെയും വിട്ട് ചായ വില്ക്കുന്നവരെയും വെളളം വില്ക്കുന്നവരെയും പരിശോധിക്കുകയാണ് ഡല്‍ഹി പൊലീസ് ചെയ്യുന്നതെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ പൊലീസ് ബലാത്സംഗികളുടെ വീടുകളില്‍ പോയി പരിശോധന നടത്തണമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയല്ല, രാജ്യത്തിന്റെ പൊലീസാണ് തങ്ങളെന്ന് ഡല്‍ഹി പൊലീസ് ചിന്തിക്കണമെന്നും അഭിജീത് ദിപ്കെ പറഞ്ഞു.
അനികേത് പാട്ടീല്‍ എന്നൊരു യുവാവ് ഇവിടെ ചെറിയൊരു ചായക്കട നടത്തുന്നുണ്ട്. ജന്തര്‍ മന്തറില്‍. അവന് എന്നെ അവന്റെ കടയിലേക്ക് ചായ കുടിക്കാന്‍ ക്ഷണിച്ചു. ഞാന്‍ അവിടെ നിന്ന് ചായ കുടിച്ച് മടങ്ങി. ഇന്ന് ഞാന്‍ കേള്‍ക്കുന്നത് ഇന്നലെ രാത്രി ഡല്‍ഹി പൊലീസ് അവന്റെ വീട്ടിലും ഗോഡൗണിലും പോയി ചായ എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന് ചോദിച്ചു എന്നാണ്. എന്റെ ചോദ്യമിതാണ്, രാജ്യത്ത് ഒരു ചായ് വാല മാത്രം മതിയോ? ഇവിടെ ചായ വില്‍ക്കുന്നതും കുറ്റകൃത്യമായോ? വെളളം കൊണ്ടുവരുന്നവരുടെ വീട്ടിലും ഭക്ഷണം കൊണ്ടുവരുന്നവരുടെ വീട്ടിലും വരെ റെയ്ഡാണ്. ഇവിടെ ചായ കൊണ്ടുതരുന്നവര്‍ പണം പോലും വാങ്ങുന്നില്ല. അവന്റെ ചായ കുടിക്കാന്‍ ഡല്‍ഹി പൊലീസ് അവന്റെ വീട്ടില്‍ പോകേണ്ടതില്ല.
ഇവിടെ വന്നാല്‍ മതി. ഇനി ഈ ചായ വില്‍പ്പനക്കാരനും നാളെ പ്രധാനമന്ത്രിയായാല്‍ നിങ്ങള്‍ക്കത് ബുദ്ധിമുട്ടാകും’: അഭിജീത് ദിപ്കെ പറഞ്ഞു.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാനത്തെ പൊലീസാണ് ഇത്തരം വിലകുറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചായ വില്‍പ്പനക്കാരന്റെ വീട്ടില്‍ പോയി എന്തിനാണ് ചായ ഉണ്ടാക്കുന്നതെന്ന് ചോദിക്കുന്ന പൊലീസ് ഈ ചോദ്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ചായ വില്‍പ്പനക്കാരനോട് ചോദിച്ചിരുന്നെങ്കില്‍ ഞങ്ങളിന്ന് ഇവിടെ വന്നിരിക്കേണ്ടി വരില്ലായിരുന്നുവെന്നും അഭിജീത് ദിപ്കെ പരിഹസിച്ചു.
