ചരിത്ര യാത്ര നാളെ, ശുഭാൻഷു ശുക്ലയുടെ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്

ഇന്ത്യക്കാരന്‍ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) യാത്രയുടെ കാത്തിരിപ്പ് അവസാനിക്കുന്നു. നാളെ വൈകീട്ട് ഇന്ത്യന്‍ സമയം 5.52നാണ് ശുഭാൻഷു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ ദൗത്യം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കുക. ദൗത്യത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് 39-കാരനായ ശുഭാൻഷു ശുക്ല തയ്യാറെടുക്കുന്നത്. ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തില്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായാണ് ശുഭാൻഷു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.

1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐക്കോണിക് ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ശുഭാംശുവിന് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (അമേരിക്ക), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരും ആക്സിയം 4 ക്രൂവിൽ ഉൾപ്പെടുന്നു. ഈ ദൗത്യത്തിനായി ആക്സിയം സ്പേസ് ഉപയോഗിക്കുന്നത് സ്പേസ് എക്സിന്‍റെ വിശ്വസ്ത ക്രൂ ഡ്രാഗണ്‍ പേടകമാണ്. ജൂണ്‍ 10ന് സ്പേസ് എക്സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ആക്സിയം 4 ദൗത്യം വിക്ഷേപിക്കുക.

വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്‌സ്യൂളും ഫാല്‍ക്കണ്‍ 9 റേക്കറ്റും 39എ ലോഞ്ച്‌പാഡില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വരും കാല ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായകമാണ് ശുഭാൻഷു ശുക്ലയുടെ ഐഎസ്എസ് സന്ദര്‍ശനം. 2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനും 2047-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കാനും ലക്ഷ്യമിടുന്ന ഇന്ത്യയിൽ മൈക്രോഗ്രാവിറ്റി ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബഹിരാകാശ നിലയത്തിൽ ശുഭാംശു ശുക്ല ഏഴ് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും.

ഇന്ത്യന്‍ വ്യോമസേനയില്‍ ടെസ്റ്റ് പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷു ശുക്ല, ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ മിഷനായി തെരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരില്‍ ഒരാളാണ്. അതിനാല്‍ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്രയെ നോക്കിക്കാണുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *