Your Image Description Your Image Description

കൊച്ചി: കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജനും പ്രശസ്ത മെഡിക്കോ-ലീഗൽ വിദഗ്ധയുമായിരുന്ന ഡോ. ഷെർലി വാസു അന്തരിച്ചു.

കേരള പോലീസിൻ്റെ മെഡിക്കോ-ലീഗൽ ഉപദേഷ്ടാവ്, കേരള മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഡോ. ഷെർലി വാസു. സംസ്ഥാനത്തെ നിരവധി പ്രമാദമായ കേസുകളിൽ നിർണായകമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അവരുടെ ഫോറൻസിക് വൈദഗ്ദ്ധ്യം പോലീസിനെ സഹായിച്ചിട്ടുണ്ട്.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷെർളി വാസു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷെർളി വാസു തൊടുപുഴ സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളജിൽ 79ലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ 1981ൽ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെർളി വാസു രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരി പഠനത്തിനും 1995ൽ ഡോ. ഷെർളിക്ക് അവസരം ലഭിച്ചു.

തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്‌തകവും ഡോ. ഷെർളി രചിച്ചിട്ടുണ്ട്.

 

കേരളത്തിന്റെ മെഡിക്കോ-ലീഗൽ രംഗത്ത് ഡോ. ഷെർലി വാസുവിന്റെ സംഭാവനകൾ നിസ്തുലമാണ്. ഒരുപാട് പേർക്ക് അവർ പ്രചോദനമായിരുന്നു. പുതിയ തലമുറയിലെ ഫോറൻസിക് വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിലും അവരുടെ പങ്ക് വളരെ വലുതാണ്. വിവിധ സാമൂഹിക വിഷയങ്ങളിൽ അവർ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്.

Related Posts