
തിരുവനന്തപുരം: ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഐജി അജിത ബീഗം സംഘത്തെ നയിക്കും.’സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിലാണ് പ്രത്യേക ദൗത്യസേന രൂപീകരിച്ചത്. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഗാർഹിക പീഡനത്തെ തുടർന്ന് 92 പേർ മരണപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഇനിമുതൽ സ്പീക്ക് അപ് ക്യാമ്പയിനിന്റെ ഭാഗമായി സ്റ്റേഷനുകളിൽ നിന്ന് ഗാർഹിക പീഡന വിവരങ്ങൾ ദിവസവും ശേഖരിക്കും. തുടർന്ന് വേഗത്തിൽ നിയമനടപടി സ്വീകരിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ് നൽകുമെന്നും മന്ത്രി അറിയിച്ചു. ഒരുവിധ പീഡനങ്ങളോടും സ്ത്രീകൾ മൗനം പാലിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
‘സതി’യുടെ പ്രേതങ്ങൾ ഇപ്പോഴും നമ്മുടെ വീടുകളിൽ അലഞ്ഞുനടക്കുന്നുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് ഗാർഹിക പീഡനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സതി നിരോധിച്ച നാടാണ് നമ്മുടേത്, എന്നാൽ സതിയുടെ പ്രേതം പല വിധത്തിൽ നമ്മുടെ വീടുകളിൽ അലഞ്ഞ് നടക്കുന്നെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. അതിലൊന്നാണ് സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം. ഇനി ഒരു മകൾ കൂടി മരണത്തിന് കീഴടങ്ങിയ ശേഷം പരിതപിക്കുന്നതിലല്ല, അവൾക്ക് നേരെ ആദ്യത്തെ കൈ ഉയരുമ്പോഴേ അത് തടയുന്നതിലാണ് ജാഗ്രത വേണ്ടതെന്നും ചെന്നിത്തല വിശദീകരിച്ചു.
സമഗ്രമായ സ്ത്രീ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. പറയാൻ മടിക്കുകയല്ല… പറയാതിരിക്കുകയല്ല… തുറന്നു പറയണം… എന്ന് ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു. അതാണ് സ്പീക്ക് അപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാർഹിക അതിക്രമങ്ങൾ വീണ്ടും ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് തടയാൻ ഒരു ദൗത്യ സേനയെ തന്നെ ആഭ്യന്തര വകുപ്പ് രൂപം നൽകിയിരിക്കുന്നത്. അതിക്രമം നേരിടുന്ന അതിജീവിതമാർക്ക് സംരക്ഷണം നൽകുക എന്നതാണ് ദൗത്യ സേനയുടെ പ്രധാന ദൗത്യം. പരാതി പറയാൻ മടിക്കുന്നവരുടെ അടുത്തേക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരാതി കേട്ട് നിയമ പരിരക്ഷ നൽകും. ഔദ്യോഗിക വേഷത്തിൽ അല്ലാതെ തന്നെ അതിജീവിതമാരുടെ അടുത്തേക്ക് ഉദ്യോഗസ്ഥർ എത്തും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിക്രമം നടന്നാൽ അതിൽ കാലതാമസം ഇല്ലാതെ നടപടി ഉണ്ടാകും.
