Your Image Description Your Image Description

ചെന്നൈ: സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. 2021, 22, 23 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്.

2021ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. ടെലിവിഷൻ വിഭാഗത്തിലെ പുരസ്‌കാരം നടൻ പി.കെ കമലേഷിനാണ്.

നടന്‍ വിക്രം പ്രഭു, ജയ ലവിസി ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ 2022ലെ പുരസ്‌കാരത്തിന് അര്‍ഹരായി. ടെലിവിഷന്‍ പുരസ്‌കാരത്തിന് നടന്‍ മെറ്റി ഒലി ഗായത്രി അര്‍ഹയായി. 2023ലെ കലൈമാമണി പുരസ്‌കാരത്തിന് നടൻ മണികണ്ഠൻ, ജോർജ് മാര്യൻ, കംപോസർ അനിരുദ്ധ് രവിചന്ദർ, പിന്നണി ഗായിക ശ്വേത മോഹൻ, കൊറിയോഗ്രാഫർ സന്തോഷ് കുമാർ, പി.ആർ.ഓ. നിക്കി മുരുകൻ, ടെലിവിഷൻ താരങ്ങളായ എൻ.പി. ഉമാശങ്കർ ബാബു, അഴകൻ തമിഴ്മണി എന്നിവരാണ് അർഹരായത്.

തമിഴ്‌നാട് സർക്കാരിന്റെ കലാ സാംസ്‌കാരിക ഡയറക്ടറേറ്റിന്റെ കീഴിലുള്ള തമിഴ്‌നാട് ഇയൽ ഇസൈ നാടക മന്ദ്രമാണ് ഈ പുരസ്‌കാരങ്ങൾ നൽകുന്നത്. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും

Related Posts