Home » Blog » Kerala » ഖമനേയിയുടെ മരണം: പ്രതികാരം ചെയ്യേണ്ട ശത്രുക്കളുടെ നീണ്ട പട്ടിക തയാറാക്കി ഇറാൻ; പട്ടികയിൽ ട്രംപ്, നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ്, മെലോണി തുടങ്ങി 13 നേതാക്കൾ
12

ടെഹ്റാൻ: ഇറാന്റെ സുപ്രീം ലീഡർ ആയത്തുല്ല അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ട പ്രമുഖരുടെ നീണ്ട പട്ടിക തയാറാക്കി ഇറാൻ. ഇറാൻ പ്രത്യയശാസ്ത്രത്തോട് അതി നിലപാടുകളുണ്ടെന്ന് അറിയപ്പെടുന്ന ഇറാനിയൻ പത്രമാണ് ഖമനേയിയുടെ മരണത്തിന് പ്രതികാരമായി വധിക്കേണ്ട നേതാക്കളുടെ നീണ്ട പട്ടിക പ്രസിദ്ധീകരിച്ചത്. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി 28-ന് മിഡിൽ ഈസ്റ്റ് യുദ്ധത്തിന്റെ ആദ്യ ദിവസത്തിൽ യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകനും അവകാശിയുമായ മൊജ്താബ ഖമനേയി പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

“പ്രതികാരം നമ്മുടെ രാജ്യത്തിന്റെ ആഗ്രഹമാണ്. അത് അനിവാര്യമായി നടപ്പിലാക്കും,” – ഖമനേയിയുടെ ശവസംസ്കാരത്തിനു ശേഷം പുറത്തിറക്കിയ ആദ്യ സന്ദേശത്തിൽ മൊജ്തബ പറഞ്ഞിരുന്നു. ഈ കുറ്റവാളികൾക്ക് സമാധാനപരമായ അന്ത്യം കാണാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിരുന്നു.

അതേസമയം, ടെഹ്റാനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ഹംഷഹ്‌രി’ പത്രം ശനിയാഴ്ച വൈകുന്നേരം ഓൺലൈനായി പുറത്തിറക്കിയ ഇൻഫോഗ്രാഫിക്കിൽ 13 വിദേശ നേതാക്കളുടെ ചിത്രങ്ങളും ഖമനേയിയുടെ പ്രസ്താവനയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഈ പട്ടിക സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചതാണെന്നതിന് തെളിവുകളില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ എന്നിവരോടൊപ്പം യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ് എന്നിവരും ഉൾപ്പെടുന്നു.