Your Image Description Your Image Description

കർണാടക: കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ 28കാരനെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 27ന് ഉച്ചയ്ക്ക് 2 മണിയോടെ ഷഹാപൂർ താലൂക്കിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. സ്കൂൾ സമയത്തിനിടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

സഹപാഠികൾ സ്കൂൾ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐ‌ആർ പ്രകാരം, പെൺകുട്ടി പൂർണ്ണ ഗർഭിണിയായിരുന്നു. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടി. ഏകദേശം ഒമ്പത് മാസം മുമ്പ് ഒരു അജ്ഞാത വ്യക്തി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു. കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമായാൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിയുമെന്നും പൊലീസ് വ്യക്തമാക്കി. ഹോസ്റ്റൽ വാർഡൻ, സ്കൂൾ പ്രിൻസിപ്പാൾ, വിദ്യാർഥിനിയുടെ സഹോദരൻ, നഴ്സ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാലാണ് ഇവർക്കെതിരെ കേസെടുത്തത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. അധ്യയന വർഷത്തിന്റെ തുടക്കം മുതൽ പെൺകുട്ടി സ്കൂളിൽ ക്രമരഹിതമായി പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.

അതേസമയം, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ, ആരോഗ്യ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിൽ കൃത്യവിലോപം കാണിച്ചതിനും അശ്രദ്ധ കാണിച്ചതിനും കർണാടക റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപന സൊസൈറ്റി (കെആർഇഐഎസ്) പ്രിൻസിപ്പലും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ സ്കൂളിലെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

Related Posts