കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, സംഘടനാപരമായ തിരുത്തലുകൾക്കായി പ്രത്യേക പ്ലീനം വിളിച്ചുചേർക്കാൻ സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന മൂന്ന് ദിവസത്തെ സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കേരളത്തിൽ പ്ലീനം വിളിക്കാൻ തീരുമാനമായത്. താഴെത്തട്ടിലെ വികാരം ഉൾക്കൊള്ളുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്മിറ്റി.
കേരളത്തിലെ തോൽവി സംബന്ധിച്ച് സംസ്ഥാന നേതൃത്വം നൽകിയ റിപ്പോർട്ട് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തള്ളി. കീഴ്ഘടകങ്ങളിലെ പ്രശ്നങ്ങൾ കൃത്യമായി വിലയിരുത്താൻ നേതൃത്വത്തിനായില്ല. പാർട്ടിയുടെ കീഴ്ഘടകങ്ങളിലെ ജനവികാരം അറിയുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. സർക്കാരിന്റെയും പാർട്ടിയുടെയും ശൈലിക്കെതിരെ ജില്ലാ-ഏരിയാ കമ്മിറ്റികളിൽ രൂക്ഷവിമർശനം ഉയർന്നത് ഗൗരവത്തോടെ കാണണം. അടുത്ത മാസം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും പ്ലീനത്തിനായുള്ള രൂപരേഖ തയ്യാറാക്കും. തിരുത്തൽ നടപടികൾ എങ്ങനെ വേണമെന്ന് പ്ലീനത്തിൽ വിശദമായി ചർച്ച ചെയ്യും. പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളിൽ ഉയർന്ന വിമർശനങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായി.
