തിരുവനന്തപുരം: നഗരൂർ കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം. സമൂഹമാധ്യമത്തിൽ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വിദ്യാർഥികളുടെ തമ്മിലടിയിൽ കലാശിച്ചത്. അടിക്കാൻ സഹപാഠികൾ പ്രോത്സാഹിപ്പിക്കുന്നതും പ്ലസ് ടു വിദ്യാർഥി, പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാലുകൊണ്ടു മുറുക്കി ശ്വാസം മുട്ടിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നു.
ഇതിനിടെ, കൂട്ടുകാർ ചേർന്നു പിടിച്ചു മാറ്റുന്നതും ചിലർ അടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ തീർത്തിട്ടു പോയാൽ മതിയെന്നു പറഞ്ഞ് തെറികൾ വിളിക്കുന്നതും കേൾക്കാം. സ്‌കൂൾ സമയം കഴിഞ്ഞ് സമീപത്തുള്ള റബർ തോട്ടത്തിൽ വച്ചാണ് കയ്യാങ്കളി നടന്നതെന്നാണ് വിവരം.
അതേസമയം, പ്ലസ് വൺ വിദ്യാർഥിയെ മുതിർന്ന കുട്ടികൾ റാഗ് ചെയ്തുവെന്നും കൊല്ലാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി സഹോദരൻ നഗരൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു കൂട്ടരെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. റാഗിങ് ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഇരുവിഭാഗം കുട്ടികളെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു മൊഴിയെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നും നഗരൂർ എസ്‌ഐ പറഞ്ഞു.
